കൈവശ ഭൂമിക്ക് പട്ടയം വേണം. കാഞ്ഞങ്ങാട്ട് അനിശ്ചിത കാല സത്യാഗ്രഹം 22ന് തുടങ്ങും
കാഞ്ഞങ്ങാട്: ഭൂരഹിത പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പട്ടിക ജന സമാജം (കെ.പി.ജെ.എസ്) 22 മുതല്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലയില്‍ മൂന്ന് സെന്റിനും പത്ത് സെന്റിനുമിടയില് ഭൂമി കൈവശമുള്ള ആയിരത്തലധികം കുടുംബങ്ങളുണ്ട്. പല ഊരുകളിലും പഞ്ചായത്തുകളിലും ശ്മാശനം ഇല്ല. പുരയിടങ്ങളില്‍ ശവമടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ജില്ലയിലെ പട്ടിക വിഭാഗ ജനങ്ങളുടെ വലിയ ശതമാനം ഭൂരഹിതരും കൈവശ രേഖകള്‍ ഇല്ലാത്തവരാണ്.രാവിലെ 11 മണിക്ക് ആരംഭിക്കുന്ന അനിശ്ചിത കാല നിരാഹാര സത്യഗ്രഹം സംസ്ഥാന ജന.സെക്രട്ടറി തെക്കന്‍ സുനില്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ തെക്കന്‍ സുനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമന് കൂണ്ടാരം, സെക്രട്ടറി കെ.എം മധു, യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എം.കെ രാജീവന്, ജില്ലാ ജോ.സെക്രട്ടറി കെ.ആര് പവിത്രന്, ജിമോഷ് ഗോപി, ശ്രീധരന്, മോഹനന് കാവുംതല എന്നിവര്‍ സംബന്ധിച്ചു.