പാലക്കാട്ട് തെരുവുയുദ്ധം, പോലീസും കോണ്‍ഗ്രസും ഏറ്റുമുട്ടി,
വി ടി ബല്‍റാം എം എല്‍ എ ക്കും പോലീസുകാര്‍ക്കും പരിക്ക് ഏഴ് ഉദ്യോഗസ്ഥരുടെ നിലഗുരുതരം
പാലക്കാട് : പാലക്കാട് പൊലീസുദ്യോഗസ്ഥര്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക അക്രമം. വ്യാഴാഴ്ച്ച രാവിലെ പാലക്കാട് കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് അക്രമം അഴിച്ചുവിട്ടത്. പതിനഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. വി ടി ബലറാം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുമ്പ് ദണ്ഡും മര കഷ്ണങ്ങളും കൊണ്ടായിരുന്നു അക്രമം. കല്ലേറും നടന്നു.
ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിന് മുഖത്ത് കവിളിലും താടിയിലും സാരമായ പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ചില പൊലീസുദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക് സ്റ്റേഷനിലെ സിപിഒ സുനിലിന് തോളിനാണ് പരിക്ക്. ടൗണ്‍ സൗത്ത് സ്റ്റേഷനിലെ സിപിഒമാരായ ജഗദീഷ്, റിഷികേശന്‍, റഷീദ്, പ്രദീപ്, എ ആര് ക്യാമ്പിലെ സിപിഒമാരായ സനു, സുരേഷ് കുമാര്‍, പ്രസാദ്, ട്രാഫിക് സ്റ്റേഷനിലെ ഷീബ, പ്രീത എന്നിവര്‍ക്കും പരിക്കേറ്റു.
തുടക്കം മുതല്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോഴും പൊലീസ് സംയമനം പാലിച്ചു. പിന്നീടാണ് നേരിട്ട് അക്രമത്തിലേക്ക് കടന്നത്.
അതിനിടെ, മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് നേരെയുണ്ടായത് ക്രൂര ലാത്തിച്ചാര്‍ജ് ആയിരുന്നുവെന്ന് വി ടി ബല്‍റാം ആരോപിച്ചു. ഉദ്ഘാടം കഴിഞ്ഞ ഉടന്‍ തന്നെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. എം.എല്‍.എയെ പോലീസ് വളഞ്ഞിട്ട് അടിച്ചുവെന്നാണ് ആക്ഷേപം. തലയ്ക്ക് പരിക്കേറ്റ ബല്‍റാം ചോരയില്‍ കുളിച്ചാണ് പിന്നീട് പ്രതിഷേധത്തില്‍ പങ്കെടുത്തതും സംസാരിച്ചതും
ആരുടെയോ ആജ്ഞാനുസരണം പ്രതിഷേധ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുളള ശ്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. എന്ത് പ്രകോപനത്തിന്റെ പേരിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തവരെ പോലീസ് മര്‍ദിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു നീതീകരണമില്ലാത്ത ആക്രമണമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ അതിശക്തമായ അന്വേഷണം ഉണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നത്. പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ശില്പയെ നാഭിക്ക് ചവിട്ടിയ പോലീസുകാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വനിതാപോലീസ് ആയിരുന്നില്ല വനിതാപ്രവര്‍ത്തകയെ അതിക്രൂരമായി മര്‍ദിച്ചത്. എംഎല്‍എ ആയ എനിക്ക് മര്‍ദനമേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. എന്തുപ്രകോപനമുണ്ടായതിന്റെ പേരിലാണ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതെന്ന് വ്യക്തമാക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പോലും രോമത്തിന് പരിക്കേറ്റിട്ടില്ല. ഒരു കല്ലുപോലും സമരക്കാരുടെ ഭാഗത്ത് നിന്ന് പോലീസിന്റെ നേരെ എറിഞ്ഞിട്ടില്ല. ഇത്തരത്തിലുളള ലാത്തിചാര്‍ജും നരനായാട്ടും നടത്താനുളള സാഹചര്യം ഉണ്ടായിരുന്നില്ല. ഡി.വൈ.എസ്.പി പ്രകോപിതനായി സമാധാനപരമായി പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പിടിച്ച് വലിച്ചിഴച്ചു. ഒരു പ്രവര്‍ത്തകന്റെ കൈപൊട്ടി എല്ലൊടിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പോലീസ് രാജിനെതിരെ കര്‍ശന നടപടി ഉണ്ടാകണം. ബല്‍റാം പറഞ്ഞു.
പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ നടന്നത് പോലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നവരോട് ഇതൊന്നും കണ്ട് സമരപാതയില്‍ പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.