ഒരു വേവലാതിയും ആർക്കും വേണ്ട;പ്രതിപക്ഷ ആരോപണങ്ങൾക്ക് അൽപായുസ്സ് കുപ്രചരണങ്ങളില്‍ സത്യം തോല്‍ക്കില്ല മന്ത്രി ജലീൽ
തിരുവനന്തപുരം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുന്നത് വരെ മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി കെ.ടി ജലീല്‍. എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം സത്യമല്ലാതാവില്ലെന്നും ആരും വേവലാതിപ്പെടേണ്ടെന്നും മന്ത്രി പ്രതികരിച്ചു.
പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നതുവരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ്- ലീഗ് -ബി.ജെ.പി നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് ധരിക്കരുത്. ഞാന്‍ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ? കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഓഫീസിലെത്തിയത്. സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്.കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.
മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.