സ്വര്‍ണ്ണത്തിന് വേണ്ടി പീഡനം; ചട്ടഞ്ചാല്‍ സ്വദേശിനി പുല്ലൂരിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പെരിയ : കൂടുതല്‍ സ്വര്‍ണ്ണത്തിന് വേണ്ടി ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനത്തിനിരയായ ചട്ടഞ്ചാല്‍ സ്വദേശിനിയായ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യ ചട്ടഞ്ചാലിലെ റംസീന(27)യെയാണ് ബുധനാഴ്ച വൈകിട്ട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷുക്കൂര്‍ ഗള്‍ഫിലാണ്. വിവാഹവേളയില്‍ റംസീനയുടെ വീട്ടുകാര്‍ ഷുക്കൂറിന് രണ്ട് ലക്ഷം രൂപയും 35 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് ഷുക്കൂര്‍ ഗള്‍ഫിലേക്ക് പോയി. ഇതോടെ കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ വീട്ടുകാര്‍ റംസീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. പീഡനം സഹിക്കാനാകാതെ റംസീന കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് യുവതി പുല്ലൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്. തന്നെ ഉപദ്രവിക്കുന്നതായി റംസീന വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീടാണ് തൂങ്ങിമരിച്ചതായുള്ള വിവരം ലഭിച്ചത്