അനധികൃത സ്വത്ത് സമ്പാദനം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ എന്‍ഫോഴ് സ്മെന്റിന് പരാതി
കോഴിക്കോട് : കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്കി. ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സത്യവാങ്മൂലം നല്കിയ മുരളീധരന്റെ കഴക്കൂട്ടത്തും ഡല്‍ഹിയിലുമുള്ള ഓഫീസുകളിലായി പന്ത്രണ്ടോളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കാനാവശ്യമായ വരുമാനം എവിടെ നിന്നാണെന്ന് അന്വേഷിക്കണം.
പന്തളത്ത് മണികണ്ഠന് ആല്‍ത്തറ–പന്തളം ജങ്ഷന് റോഡില്‍ രാജേഷ് എന്നയാളുടെ പേരില്‍ പണിതീരുന്ന പത്ത് കോടിയില്‍പരം മുതല്‍മുടക്കുള്ള കെട്ടിടത്തിന്റെ യഥാര്‍ഥ ഉടമ രാജേഷല്ലെന്നും ഇദ്ദേഹത്തിന് ഇതിനാവശ്യമായ സാമ്പത്തികസ്രോതസ്സില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിന് പണം മുടക്കിയത് ആരാണെന്ന് അന്വേഷിക്കണം. നെയ്യാറ്റിന്‍കരയില്‍ ഈയിടെ മാനേജ്മെന്റ് കൈമാറ്റം നടന്ന ശിവാജി എന്‍ജിനിയറിങ് കോളേജിന്റെ പുതിയ മാനേജ്മെന്റില്‍ ബിനാമികളുണ്ടോയെന്ന് പരിശോധിക്കണം. ഓരോരുത്തരുടെയും സാമ്പത്തികസ്രോതസ്സ് പരിശോധിക്കണം. മണപ്പുറം, പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ചില കേന്ദ്രമന്ത്രിമാര്‍ക്ക് ബിനാമി നിക്ഷേപമുണ്ടോയെന്നും പരിശോധിക്കണം.
സ്വര്‍ണക്കടത്ത് നടന്നത് നയതന്ത്രബാഗിലാണെന്ന് പ്രധാനമന്ത്രി ഇരിക്കേ പാര്‍ലമെന്റില്‍ കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിട്ടും മുരളീധരന് അത് നിഷേധിക്കുന്നത് ദുരൂഹമാണ്. മുരളീധരന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.