തൃശൂരിൽ സമരത്തിനിറങ്ങിയ 10 കോൺഗ്രസുകാർക്ക് കോവിഡ്:നേതൃത്വം അങ്കലാപ്പിൽ വിവരങ്ങൾ പരസ്യമാക്കരുതെന്ന് ഡിസിസി രഹസ്യനിർദേശം
തൃശൂർ:തൃശൂരിൽ കോൺഗ്രസ് സമരത്തിലും യോഗങ്ങളിലും പങ്കെടുത്ത പത്ത് പ്രവർത്തകർക്ക് കോവിഡ്. ഒല്ലൂർ ‐ മണ്ണുത്തി മേഖലകളിലെ പ്രവർത്തകർക്കാണ് രോഗം. ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം ബാധിച്ചിട്ടുണ്ട്.
നേതാക്കളുൾപ്പെടെ നിരവധിപേരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പ്രവർത്തകരാണിവർ. സമ്പർക്കവിവരം മറച്ചുവയ്ക്കണമെന്നും പരിശോധന നടത്തരുതെന്നും ഡിസിസി രഹസ്യനിർദേശം നൽകി. മറച്ചുവയ്ക്കുന്നത് സെക്കൻഡറി കോണ്ടാക്ട് കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കും.
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മണ്ണുത്തിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കഴിഞ്ഞദിവസം പ്രകടനവും പൊതുയോഗവും നടത്തി. മാസ്ക്പോലും ധരിക്കാതെ എഴുപതോളംപേർ പങ്കെടുത്തു. ഇതിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നാട്ടിക കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. മരത്താക്കരയിലെ കോവിഡ് ബാധിതനായ യൂത്ത് കോൺഗ്രസ് നേതാവ് കഴിഞ്ഞദിവസം നടന്ന കലക്ടറേറ്റ് മാർച്ചിലും പങ്കെടുത്തു. എം പി വിൻസെന്റ് ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുശേഷം ഡിസിസി പ്രസിഡന്റ് ഒല്ലൂരുൾപ്പെടെ നിരവധി സ്ഥലങ്ങളിലെ യോഗങ്ങളിലും പങ്കെടുത്തു. ഇതിൽ പങ്കെടുത്ത രണ്ട് സഹകരണബാങ്ക് ഡയറക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
പൂത്തൂർ പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ രണ്ടുപേർക്കും ഐഎൻടിയുസി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു.