തദ്ദേശതെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു. പഞ്ചായത്തുകളിലേയും മുൻസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്ന് വരെയാണ്. ബ്ലോക്കുകളിലെയും ജില്ലാ പഞ്ചായത്തുകളിലും ഒക്ടോബർ 5 ന് നടക്കും. കോർപ്പറേഷനുകളിൽ ഇത് സെപ്റ്റംബർ 28, 30 ഒക്ടോബർ 6 തീയതികളിലായിട്ടാകും നടക്കുക.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചിരുന്നു. തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും നീക്കങ്ങൾ നടക്കുകയാണ്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തീയതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷമേ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്നാണ് കമ്മീഷൻ നിലപാട്. കൊവിഡ് പശ്ചാത്തലത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.