എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊല: ബൈക്ക് കസ്റ്റഡിയിലെടുത്തു
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത ചൂണ്ടയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണവം സി.ഐ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. കണ്ണവം ഫോറസ്റ്റ് ഓഫിസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നാണ് ബൈക്ക് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസിന് കിട്ടിയ സൂചന.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സലാഹുദ്ദീനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ചിറ്റാരിപ്പറമ്പിനടുത്ത ചൂണ്ടയിൽ െവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിൽ ഏർപ്പെട്ട പ്രതികളെ പ്രത്യേക അന്വേഷണ സംഘം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആർ.എസ്.എസ് പ്രവർത്തകരായ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ചൂണ്ടയിൽ സ്വദേശികളായ അജ്ജു നിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രിബിൻ, അഷ്ന നിവാസിൽ ആഷിഖ് ലാൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടതെന്ന് കരുതുന്ന കാറും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു