സ്വര്‍ണ്ണക്കടത്തിലെ രണ്ടാമത്തെ മന്ത്രിയാര്? തനിക്കറിയാം, പുറത്തു പറയില്ല, പുതിയ നമ്പറുമായി ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേരു കൂടി പുറത്ത് വരുന്നുണ്ടെന്നും ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആ മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോൾ പുറത്ത് പറയുന്നില്ല. ആ മന്ത്രിയാരെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ പദ്ധതി ധാരണാപത്രം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തരാൻ കൂട്ടാക്കത്തത് അടിമുടി അഴിമതി ആയത് കൊണ്ടാണ്. ഇത് ഓര്‍മ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നൽകും. മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് ഇപ്പോൾ എതിർപ്പാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിർപ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗൾഫിൽ പോയപ്പോൾ എത്ര പണം പിരിച്ചുവെന്നും പുറത്ത് വരേണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു.