റംസിയുടെ ആത്മഹത്യ: സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യചെയ്ത കേസിൽ ആരോപണ വിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. റംസിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ ലക്ഷ്മി കൂട്ടുനിന്നെന്നാണ് പ്രധാന ആരോപണം. ലക്ഷ്മിയെയും കേസിൽ അറസ്റ്റിലായ ഹാരിസിന്റെ വീട്ടുകാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് റംസിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ലക്ഷ്മി ദിവസങ്ങളായി ജില്ലയിൽ നിന്ന് മാറിനിൽക്കുകയാണെന്നാണ് റിപ്പോർട്ട്. നടിയുടെ മൊബൈൽഫോൺ പൊലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു.അതിനിടെ ഗർഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരെ പൊലീസ് ചോദ്യം ചെയ്തു. റംസിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ലക്ഷ്മിയാണെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയുടെ നടപടി നിയമവിധേയമാണോ എന്ന് പരിശോധിക്കാൻ പൊലീസ് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.