ഫീസ് അടക്കാത്തത് കൊണ്ട് ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കരുത്; ഹൈക്കോടതി
കൊച്ചി: ഫീസ് അടക്കാത്തത് കൊണ്ട് ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. ആലുവയിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് പബ്ലിക് സ്കൂൾ മാനേജ്മെന്റിനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഈ മാസം 14 മുമ്പ് ഫീസ് അടച്ചില്ലെങ്കിൽ ക്ലാസിൽ നിന്ന് പുറത്താക്കുമെന്ന് വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് വിദ്യാർത്ഥികളും മാതാപിതാക്കളും ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. സമാനമായ പരാതികൾ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു.