മന്ത്രിയുടെ ഭാര്യ ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി; സ്വന്തം തടി കാക്കാൻ പിണറായി ജലീലിനെ സംരക്ഷിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം:മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി കാക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണ്. അങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്നു. മന്ത്രിമാർക്കെതിരെ ഉയർന്നു വരുന്ന വിഷയങ്ങൾ സാങ്കൽപിക കഥ എന്നാണ് പറയുന്നത്. ഇവയെല്ലാം എത്രനാൾ മുഖ്യമന്ത്രി മറച്ചുവയ്ക്കുമെന്നും ചെന്നിത്തല ചോദിച്ചു.കൊവിഡ് പരിശോധന നടത്തിയ മന്ത്രിയുടെ ഭാര്യ എന്തിനാണ് ബാങ്കിൽ പോയതെന്ന് ചെന്നിത്തല ചോദിച്ചു. മന്ത്രി പത്നി ബാങ്കിലെത്തിയത് കാരണം മൂന്ന് പേർ ക്വാറന്റൈനിലാണ്. ഒരു പവന്റെ മാല മന്ത്രിപത്നി തൂക്കി നോക്കിയതാണോ വല്യ കാര്യമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത്. ബാങ്ക് ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയ ശേഷം ഒരു പവന്റെ മാല തൂക്കിനോക്കി എന്ന് ചെന്നിത്തല ആരോപിച്ചു.തന്റെ സഹപ്രവർത്തകർക്ക് നേരെ വ്യക്തമായ ആരോപണങ്ങളുണ്ടാകുമ്പോൾ അത് അന്വേഷിച്ച് നിജസ്ഥിതി അറിയേണ്ടതിന് പകരം ഇതെല്ലാം സാങ്കൽപിക കഥയെന്ന് പറഞ്ഞ് മുഖ്യമന്ത്രി തള്ളിക്കളയുകയാണ്. ഇങ്ങനെ എത്രനാൾ അഴിമതിക്കാരെ സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണക്കറ്റ് ശകാരിക്കുകയും പൊലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിക്കുകയുമാണെന്ന് ചെന്നിത്തല പറഞ്ഞു. മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ അന്ന് പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ അത് അപലപിക്കാൻ തയ്യാറായില്ല. ജലീലിനെതിരെ സമാധാനപരമായാണ് കോൺഗ്രസ് സമരം നടത്തിയത്. എന്നാൽ അവരെ പൊലീസുകാരെ ഉപയോഗിച്ച് ഭീകരമായി തല്ലിച്ചതച്ചുവെന്നും ചെന്നിത്തല പറഞ്ഞു.