ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി
മാനേജറായിരുന്ന സൈനുദ്ദീന്‍ അടക്കം ആറു പേരാണ് മൊഴി നല്‍കാനെത്തിയത്.
കാസർകോട് : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യസ്ഥ സമിതിക്ക് മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി.പി.ആര്.ഒ മുസ്തഫക്കാണ് മര്‍ദ്ദനമേറ്റത്. മാനേജറായിരുന്ന സൈനുദ്ദീന്‍ അടക്കം ആറു പേരാണ് മൊഴി നല്‍കാനെത്തിയത്.
എന്നാല്‍ ക്ഷീണമുണ്ടെന്ന് പറഞ്ഞ് ഇവര്‍ മടങ്ങിയെന്ന് മധ്യസ്ഥ ശ്രമം നടത്തുന്ന കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിലാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ശ്രമം നടത്താന്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി എം.സി കമറുദ്ദീന് എംഎല്‍എയില്‍ നിന്നും മാഹിന്‍ ഹാജി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
അതേസമയം കേസിന്റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്. പി കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുക. അതേസമയം തട്ടിപ്പ് കേസിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.