നമ്പറും നികുതിയുമില്ലാതെ ആറുവര്‍ഷം: മിനി സിവില്സ്റ്റേഷന് ‘അനധികൃതം’
കാഞ്ഞങ്ങാട്: താലൂക്ക് ഓഫീസുള്‍പ്പെടെയുള്ള സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട്ടെ മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് നഗരസഭയുടെ അംഗീകാരമില്ല.
കഴിഞ്ഞ ആറുവര്‍ഷമായി മിനി സിവില്സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത് കെട്ടിടനമ്പര്‍ ഇല്ലാതെ. ഒരുവര്‍ഷത്തെ കുടിശ്ശികയുണ്ടാകുന്ന
സ്ഥാപനത്തിനുപോലും പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നോട്ടീസുമായെത്തുന്നവരാണ് നഗരഭരണാധികാരികള്‍. അനധികൃതമാണെന്നു
കണ്ടാല്‍ ഒട്ടുംവൈകാതെ സാധാരണക്കാര്‍ക്കുമേല്‍ നോട്ടീസ് ‘പതി’ക്കുന്നവരാണ് താലൂക്ക് ഭരണാധികാരികള്‍. പുതിയകോട്ടയില്‍ റോഡിന്
ഇരുപുറമായാണ് നഗരകാര്യാലയവും മിനി സിവില്‍ സ്റ്റേഷനും. മൂന്നുനിലകളാണ് മിനി സിവില്‍ സ്റ്റേഷനുള്ളത്.
നഗരസഭയ്ക്ക് കിട്ടേണ്ടത് പ്രതിവര്‍ഷം ഒന്നരലക്ഷം :കണക്കുകൂട്ടിയാല്‍ ഏതാണ്ട് പ്രതിവര്‍ഷം ഒന്നരലക്ഷം രൂപയോളം നികുതിയിനത്തില്‍ നഗരസഭയ്ക്ക് കിട്ടണം. ആറരവര്‍ഷത്തെ
കണക്കെടുത്താല്‍ ഇതു പത്തുലക്ഷത്തോളമാകും. ഇതുമുഴുവന്‍ നഗരസഭയുടെ തനത് ഫണ്ടില്‍ കിട്ടുന്ന വരുമാനമാണ്.
മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എന്‍ജിനീയറുടെ പൂര്‍ത്തീകരണ സാക്ഷ്യപത്രം ഇതുവരെയായിട്ടും കിട്ടിയിട്ടില്ലെന്ന് നഗരകാര്യാലയത്തിലെ റവന്യൂ
വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. നമ്പര്‍ നല്‍കുന്നത് സംബന്ധിച്ച് 2016 ജൂലായ് 25-ന് തഹസില്‍ദാര്‍ക്ക് നഗരസഭാ സെക്രട്ടറി ഒരു കത്ത്് നല്‍കിയിരുന്നു. ‘കാഞ്ഞങ്ങാട് നഗരസഭാ
പരിധിയിലെ മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് 1999-ലെ കേരള കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്കു വിധേയമായി കെട്ടിടനമ്പര്‍ നല്‍കുന്നതിന് നാളിതുവരെയായി
അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നില്ല. ആയതിനാല്‍, നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മുഴുവന്‍ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
ഇല്ലെങ്കില്‍, അനധികൃത കെട്ടിടമായി പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും’. ഇതായിരുന്നു നോട്ടീസിലെ വാചകങ്ങള്‍.
നോട്ടീസ് കിട്ടിയ ഉടന്‍ അന്നത്തെ തഹസില്‍ദാര്‍ മിനിസിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് ചുക്കാന്‍പിടിച്ച പൊതുമരാമത്ത് വിഭാഗവുമായി ബന്ധപ്പെട്ടു
ഈ നോട്ടീസ് അയച്ച് മൂന്നുവര്‍ഷം കഴിഞ്ഞായിരുന്നു മറുപടി. 2019-ല്‍ ജൂലായ് നാലിന് നഗരസഭാ സെക്രട്ടറിക്ക് തഹസില്‍ദാരുടെ കത്ത്.
‘മിനിസിവില്‍ സ്റ്റേഷന് കെട്ടിട നമ്പര്‍ നല്‍കുന്നതിനായി പൊതുമരാമത്തുവകുപ്പ് അധികാരികള്‍ നല്കിയ അ്പ്രൂവ്ഡ് കംപ്ലീഷന്‍ പ്ലാനിന്റെയും കെട്ടിടത്തിന്റെ വിസ്തീര്‍ണം
സംബന്ധിച്ച വിവരങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇതിനൊപ്പം അയക്കുന്നു. നേരത്തെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ നേരിട്ടുവന്നപ്പോള്‍ നഗരകാര്യാലയത്തില്നിന്ന്
പറഞ്ഞതനുസരിച്ചുള്ള രേഖകളെല്ലാം ഇതിനൊപ്പമുണ്ട്’. ഇതായിരുന്നു ഈ കത്തിലെ വാചകങ്ങള്‍. എന്നാല്‍, അതിലും എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തേണ്ട പൂര്‍ത്തീകരണ സാക്ഷിപത്രം
ഇല്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറയുന്നു.