നടിയെ ആക്രമിച്ച കേസ്;സാക്ഷി വിസ്താരത്തിന് മുകേഷ് ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനു നടൻ മുകേഷ് ഹാജരായി. കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്.
പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിറകെയാണ് പൊലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ദിലീപും മുഖ്യ പ്രതി സുനിൽ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാൽ ഹർജിയുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികൾ നടൻ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ജനുവരി മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്.