എന്നെങ്കിലും കുടുങ്ങുമ്പോൾ കൂടെയുളളവരെ കുരുക്കാനും സ്വപ്ന പദ്ധതിയിട്ടിരുന്നു; ആ തെളിവുകളും എൻ ഐ എയ്ക്ക് കിട്ടി
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നതരുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ വീണ്ടെടുത്ത് എൻ.ഐ.എ. സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എൻ.ഐ.എ. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിംഗിന് ഉപയോഗിക്കാനായിരിക്കും സൂക്ഷിച്ചിരുന്നതെന്നാണ് എൻ.ഐ.എ വിലയിരുത്തൽ. ഇക്കാര്യങ്ങൾ എൻ.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്
.ചാറ്റുകൾ വീണ്ടെടുത്തതിന് പുറമെ സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിംഗിന് പോയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നത് എൻ.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകൻ സ്വപ്നയുടെ ബിസിനസിൽ പങ്കാളിയാണെന്നുമാണ് എൻ.ഐ.എ. കണ്ടെത്തൽ.