ഉമ്മൻചാണ്ടി യും ചെന്നിത്തലയും മുല്ലപ്പള്ളിയും മുഖ്യമന്ത്രിയാകാൻഅനുയോജ്യർ, കേരളം പിടിക്കും, ഉറപ്പാണ്, എ ഐ സി സി ജന. സെക്രട്ടറി താരിഖ് അൻവർ.
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് വളരെ ശക്തമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ താരിഖ് അൻവർ. കേരളത്തിലെ കോൺഗ്രസ് ഇന്ത്യയ്ക്കാകെ മാതൃകയാണ്. 2019ൽ രാജ്യമൊട്ടാകെ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും ദേശീയ തലത്തിൽ കോൺഗ്രസിന് മികച്ച സംഭാവന നൽകിയത് കേരളമാണ്. ഇവിടെ താഴെ തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനമുണ്ട്. പാർട്ടിയോട് കൂറുള്ളവരാണ് കേരളത്തിലെ നേതാക്കളും പ്രവർത്തകരും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒരു വലിയ ദൗത്യം പാർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തും. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏറെ പ്രതീക്ഷയോടെയാണ് പാർട്ടി ദേശീയ നേതൃത്വം കാണുന്നത് – താരിഖ് അൻവർ സംസാരിക്കുന്നു..അവിടെ സംഭവിച്ചത് ഇവിടെ നടക്കില്ലരമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പളളി തുടങ്ങി കേരളത്തിലെ കോൺഗ്രസ് നേതാക്കളെല്ലാം മുതിർന്നവരും പാർട്ടിയിൽ സുപ്രധാന പങ്ക് വഹിച്ചവരുമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് തിരഞ്ഞെടുപ്പിനോട് സഹകരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അവർ മൂന്നു പേരും ഒരുമിച്ച് നിൽക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ സംഭവിച്ചത് കേരളത്തിൽ സംഭവിക്കില്ല. അനുഭവ സമ്പത്തിലും പ്രായോഗിക രാഷ്ട്രീയത്തിലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുൻനിരയിലാണ്. രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും ഡൽഹി വഴി നല്ലതു പോലെ അറിയാം. ഉമ്മൻചാണ്ടി മികച്ച മുഖ്യമന്ത്രിയായി പേരെടുത്തയാളാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നല്ല പ്രകടനമാണ് നടത്തുന്നത്. രമേശ് കഴിവുള്ള നേതാവാണ്. കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രമേശിന്റെ നേതൃത്വത്തിൽ നടത്തുന്നത്. ചെന്നിത്തല അടക്കമുള്ള കേരള നേതാക്കൾ മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. മുഖ്യമന്ത്രിയെ പാർലമെന്ററി പാർട്ടിയും ഹൈക്കമാൻഡും ചേർന്നായിരിക്കും തീരുമാനിക്കുക. അത് കേരളത്തിലെ നേതാക്കൾ അംഗീകരിക്കുകയും ചെയ്യും.ലീഗ് വിശ്വസ്ത ഘടകകക്ഷിമുസ്ലീം ലീഗ് കോൺഗ്രസിന്റെ എക്കാലത്തേയും വിശ്വസ്ത ഘടകകക്ഷിയാണ്. ഇ.അഹമ്മദ് ഉൾപ്പടെയുള്ള ലീഗ് നേതാക്കളെ മറക്കാൻ സാധിക്കില്ല. കേരള കോൺഗ്രസ് തർക്കങ്ങളെപ്പറ്റി എനിക്കറിയില്ല. ഗൗരവമുള്ള കാര്യമാണെങ്കിൽ അത് പഠിക്കും. യു.ഡി.എഫിനെ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടത് കോൺഗ്രസിന്റെ കടമയാണ്.ഗ്രൂപ്പ് മാത്രം മാനദണ്ഡമാകരുത്കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഗ്രൂപ്പുകൾ ഇല്ലെന്ന് പറയുന്നവരും അതിന്റെ അരികിലുണ്ട്. സംഘടനാ പ്രശ്നങ്ങൾ സംസ്ഥാനത്ത് തന്നെ പരിഹരിക്കാൻ ഗ്രൂപ്പ് നേതാക്കൾ ശ്രമിക്കുന്നതിനാൽ ഒരു പരിധി വരെ ഈ സംവിധാനം സഹായകമാണ്. തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ നേതാക്കന്മാർ സീറ്റ് ചർച്ചകൾക്കായി ഡൽഹിയിൽ തലേന്നെത്തി പിറ്റേന്നു മടങ്ങുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലുള്ളവർ 15 മുതൽ 20 ദിവസം വരെ ഡൽഹിയിൽ തങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും കഴിവും അർഹതയുമുള്ളവർക്ക് സീറ്റ് കിട്ടാൻ ഗ്രൂപ്പ് മാത്രം മാനദണ്ഡമാകരുത്.കോർപ്പറേറ്റുകളുടെ സർക്കാർമാദ്ധ്യമങ്ങളിലൂടെ കേരളത്തിലെ കാര്യങ്ങൾ അറിയുന്നുണ്ട്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. അവിടത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ കോർപ്പറേറ്റുകളുടെ സർക്കാരാണ്. സ്വർണം കടത്തുന്നതിലാണ് അവർക്ക് താത്പര്യം. അഴിമതി നിറഞ്ഞ ഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് സർക്കാർ വരേണ്ടതുണ്ട്. ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന അതീവ ഗൗരവമുളള കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്.ബി.ജെ.പി കേരളത്തിൽ വളരില്ലഇന്ത്യയൊട്ടാകെ ബി.ജെ.പി വളർന്നിട്ടും അവർക്ക് വേരുറപ്പിക്കാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും മിടുക്കാണ് അതിന് കാരണം. കേരളത്തിലെ ജനങ്ങൾ മതേതര വിശ്വാസികളാണ്. അവർക്ക് ബി.ജെ.പിയെ പോലൊരു പാർട്ടിയെ ഉൾക്കൊളളാനാകില്ല. വരുന്ന തിരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് കേരളത്തിൽ ചലനമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ഞാൻ കരുതുന്നത്.രാഹുൽ വരുമെന്ന പ്രതീക്ഷരാഹുൽഗാന്ധി കോൺഗ്രസിന്റെ താക്കോൽ സ്ഥാനത്തേക്ക് മടങ്ങിവരേണ്ടത് പാർട്ടിയുടേതുമാത്രമല്ല രാജ്യത്തിന്റെയാകെ ആവശ്യമാണ്. പ്രതിപക്ഷനിരയെ ഐക്യത്തോടെ നയിക്കാൻ രാഹുലിനെ പോലൊരു നേതാവ് ആവശ്യമാണ്. രാഹുൽ ശക്തനാണ്. എന്നാൽ രാഹുലിനെ തകർക്കാൻ ബി.ജെ.പി കോടികളാണ് ഒഴുക്കുന്നത്. അടുത്ത എ.ഐ.സി.സി സമ്മേളനത്തിന് മുന്നോടിയായാണ് പ്രവർത്തക സമിതി പുന:സംഘടിപ്പിച്ചത്. പ്ലീനറി സമ്മേളനത്തിൽ രാഹുൽ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡ് കാലത്തും അതിനുശേഷവും ഒരു പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ നല്ല രീതിയിലാണ് പ്രവർത്തിച്ചത്. സർക്കാരിനെതിരെ കൃത്യമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവാണ് അദ്ദേഹം. രാഹുലിനെ തകർക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യകതയാണ്.നിങ്ങൾ പറയുന്ന പ്രശ്നങ്ങളില്ലകോൺഗ്രസ് പ്രവർത്തകസമിതി പുന:സംഘടിപ്പിച്ചതിൽ അസ്വാഭാവികതയൊന്നുമില്ല. ഗുലാംനബി ആസാദ് പ്രവർത്തകസമിതിയിലുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിയെന്നൊക്കെയുളള വാർത്തകൾ പാർട്ടിയെ തകർക്കാൻ വേണ്ടിയുളളതാണ്. മുതിർന്ന നേതാവെന്ന നിലയിലും രാജ്യസഭയിൽ പാർട്ടിയെ നയിക്കുന്ന വ്യക്തിയെന്ന നിലയിലും ഗുലാംനബി ആസാദിന് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഒരു സംസ്ഥാനത്തെ ജനറൽസെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കുന്നത് വഴി അദ്ദേഹത്തിന് ദേശീയ തലത്തിൽ കൂടുതൽ ജോലികളുണ്ട് എന്നതാണ് അർത്ഥം. അതിന് മറ്റ് മാനങ്ങളൊന്നും നൽകേണ്ടതില്ല. എ.കെ ആന്റണി ഉൾപ്പടെയുളള മുതിർന്ന നേതാക്കൾ ജനറൽ സെക്രട്ടറി പദവിയില്ലാതെയാണ് പ്രവർത്തകസമിതിയിൽ തുടരുന്നത്. അവരൊക്കെ മുതിർന്ന നേതാക്കളാണ്. സംഘടന തലത്തിലും പാർലമെന്ററി തലത്തിലും ഒരുപാട് ജോലികൾ അവർക്കുണ്ട്.എന്റെ രക്തം കോൺഗ്രസാണ്കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതലയും പ്രവർത്തകസമിതി അംഗത്വവും നൽകുക വഴി വലിയൊരു കടമയാണ് പാർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്നത്. പാർട്ടി അദ്ധ്യക്ഷ സോണിയഗാന്ധിയോടും രാഹുൽഗാന്ധിയോടും ഞാൻ നന്ദിയുളളവനായിരിക്കും. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. 1999ൽ പാർട്ടി വിട്ട് എൻ.സി.പി രൂപീകരിച്ചപ്പോഴും എന്റെ മനസിൽ കോൺഗ്രസുണ്ടായിരുന്നു. ബി.ജെ.പിയ്ക്ക് ബദലാകാൻ രാജ്യത്ത് കോൺഗ്രസിന് മാത്രമേ സാധിക്കൂ. ആ ചിന്തയുടെ പുറത്താണ് യു.പി.എ സർക്കാർ രൂപീകരണ സമയത്ത് എൻ.സി.പി കോൺഗ്രസിന് പിന്തുണ നൽകിയത്. 2018ൽ ശരത്പവാർ ബി.ജെ.പിയെ റാഫേൽ ഇടപാടിൽ പിന്തുണച്ച് സംസാരിച്ചപ്പോഴാണ് ഞാൻ എൻ.സി.പി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. ബി.ജെ.പിയുടെ നയങ്ങളും പ്രവർത്തനങ്ങളും ഒരുകാലത്തും എനിക്ക് അംഗീകരിക്കാൻ കഴിയില്ല. എന്റെ രക്തം കോൺഗ്രസാണ്.സമുദായ സമവാക്യം ഉറപ്പാക്കുംഞാൻ കേരളം സന്ദർശിച്ചിട്ട് കാലം കുറേയായി. യൂത്ത് കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായിരുന്ന സമയത്ത് കേരളത്തിലെ ഒരുപാട് ജില്ലകളിൽ ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട്. പിന്നീട് സേവാദൾ ചെയർമാൻ ആയിരുന്നപ്പോഴും കേരളത്തിൽ വന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ വളരെ സൗഹാർദപരമായി പെരുമാറുന്നവരാണ്. മതവിശ്വാസികളാണെങ്കിൽ പോലും മതേതരത്വമാണ് കേരളത്തിന്റെ മുഖമുദ്ര. എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്ത് അവരെയെല്ലാം ഒരുമിച്ച് കൊണ്ടുപോകാനായിരിക്കും ഞാൻ ശ്രമിക്കുക. സമുദായ സമവാക്യങ്ങൾ പാർട്ടിയിൽ ഉറപ്പാക്കും.