ദുരൂഹത. സ്വപ്നയും റമീസും ഒരേ സമയം ആശുപത്രിയിൽ, ജയിൽ വകുപ്പ് റിപ്പോർട്ട് തേടി മെഡിക്കൽ ബോർഡ് ചേരുന്നു.
തിരുവനന്തപുരം: നെഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്ക് മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയതിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടി. വിയ്യൂർ ജയിൽ മെഡിക്കൽ ഓഫിസറോടാണ് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയത്. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി സംസാരിച്ച ശേഷം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. ഇതിനായുള്ള മെഡിക്കൽ ബോർഡ് യോഗം തുടങ്ങി.റമീസിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വലിയ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. റമീസിന് ഇതുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. ഇന്നലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ റമീസിന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.തൃശൂർ മെഡിക്കൽ കോളജിലേക്കാണ് ഇരുവരേയും കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വപ്ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി.കഴിഞ്ഞ തിങ്കളാഴ്ച ഇസിജിയിൽ വ്യതിയാനം കണ്ടതിനു പിന്നാലെ മെഡിസിൻ വിഭാഗം ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. മാനസിക സമ്മർദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതിൽ കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥതയ്ക്കു കാരണമായതെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. തുടർന്നു വനിതാ തടവുകാർക്കുള്ള സെല്ലിൽ കിടത്തിയാണ് ചികിത്സ നടത്തിയത്. രക്തപ്രവാഹം സാധാരണ നിലയിലായെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഡിസ്ചാർജ് ചെയ്ത്. എന്നാൽ ഞായറാഴ്ച വൈകിട്ട് വീണ്ടുംനെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.