വർഷങ്ങൾ നീണ്ട പ്രണയം, വിവാഹക്കാര്യം പറഞ്ഞപ്പോൾ ഹൃദയംതകർത്ത് കാമുകൻ പിന്മാറി, യുവാവിന്റെ വിവാഹ നിശ്ചയം നടക്കാനിരിക്കെ സന്ദേശമയച്ച് യുവതി ജീവനൊടുക്കി
കായംകുളം: കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത റംസി മലയാളികളുടെ മനസിൽ ഒരു നോവായി നിൽക്കവേ സമാന സാഹചര്യത്തിൽ മറ്റൊരു പെൺകുട്ടി കൂടി ആത്മഹത്യ
ചെയ്തു. പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബി.എസ്.സി നഴ്സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് ജീവനൊടുക്കിയത്.ഏഴു വര്‍ഷത്തോളം പ്രണയിച്ചയാൾ സ്ത്രീധനത്തുക കുറഞ്ഞെന്നു പറഞ്ഞ് ഒഴിവാക്കിയതാണ് അർച്ചന ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.അർച്ചന സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു.അർച്ചന പ്ലസ്ടു കഴിഞ്ഞപ്പോൾ ഇയാൾ വിവാഹ ആലോചനയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി. മകളെ പഠിപ്പിക്കണമെന്നും, വിവാഹം ഇപ്പോൾ നടക്കില്ലെന്നും പറഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ തിരിച്ചയച്ചു. ഇരുവരും പ്രണയം തുടർന്നു.എന്നാൽ യുവാവ് വിദേശത്ത് പോയി സാമ്പത്തികമായി ഉയർച്ച വന്നതോടെ പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.തന്നെ വിവാഹം കഴിക്കണമെന്ന് അർച്ചന പറഞ്ഞപ്പോൾ സ്ത്രീധനം എത്ര തരുമെന്നായിരുന്നു ഇയാളുടെ ചോദ്യം. 30 പവൻ നൽകാമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചെങ്കിലും, തന്റെ സഹോദരിക്ക് 101 പവൻ സ്വർണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചത് അത്ര തനിക്കും വേണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു.അത്രയും കൊടുക്കാൻ കൂലിപ്പണിക്കാരനായ പെൺകുട്ടിയുടെ പിതാവിന് സാധിച്ചില്ല. ഇയാൾ മറ്റൊരു വിവാഹത്തിനായി ഒരുങ്ങി. മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം നടത്താൻ തീരുമാനിച്ച് ഉറപ്പിച്ച ദിവസമാണ് അർച്ചന ആത്മഹത്യ ചെയ്തത്. കാമുകന് താൻ മരിക്കാൻ പോകുകയാണെന്ന വാട്സാപ്പ് സന്ദേശമയച്ചു.സന്ദേശം യുവാവ് കണ്ടെന്ന് മനസിലായപ്പോൾ അത് ഡിലീറ്റ് ചെയ്തു. തുടർന്ന് ഒതളങ്ങ കഴിക്കുകയായിരുന്നു.അർച്ചനയുടെ മെസേജ് കണ്ട യുവാവ് തന്റെ സുഹൃത്തിനെ വിവരം അറിയിച്ചു.സ്ഥലത്തെത്തിയപ്പോൾ അവശനിലയിലായ പെൺകുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.