വി മുരളീധരന്റെ നിലപാട് തള്ളി കേന്ദ്രം, സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെ
ന്യൂ ഡൽഹി: തിരുവനംന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന വി മുരളീധരന്റെ നിലപാട് തള്ളി കേന്ദ്ര സർക്കാർ. ലോക് സഭയിൽ എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരുടെ ചോദ്യങ്ങൾക്ക് രേഖാമൂലമാണ് ധനകാര്യ സഹമന്ത്രി മറുപടി നൽകിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. ഈ നിലപാട് തള്ളിയാണ് ധനകാര്യ സഹമന്ത്രി പാർലമെൻറില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലേതടക്കം രാജ്യത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത് വര്‍ദ്ധിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റേയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയോ കസ്റ്റംസിന്റേയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, ഇത് രാജ്യത്തിന്റെ സാമ്പത്തി ഭദ്രതയെ ബാധിക്കുന്നതായി കണ്ടിട്ടുണ്ടോ, അങ്ങനെ ഉണ്ടെങ്കില്‍ ഈ വര്‍ഷം ഇതുവരെ കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം പിടിച്ച സ്വര്‍ണത്തിന്റേയും കഴിഞ്ഞ അഞ്ച് വര്‍ഷം സ്വീകരിച്ച നടപടികളുടേയും വിവരങ്ങള്‍ നല്‍കാമോ എന്ന് കേരള എംപിമാര്‍ ചോദിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. ഉണ്ടെങ്കില്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള നയതന്ത്ര പ്രതിനിധികളുടെ വിവരങ്ങളും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളും വിശദമാക്കാമോ എന്ന് എംപിമാര്‍ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിപ്ലോമാറ്റിക്ക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കത്ത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ വിശദമാക്കാമോ.