കർണാടക സ്വദേശിനിയായ ഗർഭിണിക്ക് കോവിഡ്; മരിച്ച ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു
കാസർകോട് : ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനിയായ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. നാല് മാസം ഗര്‍ഭിണിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവതി കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സ്വകാര്യ ക്ലീനിക്കില്‍ സ്കാനിങ്ങിന് എത്തിയിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ യുവതി ആസ്പത്രിയില്‍ പോവാതെ താമസസ്ഥലത്തേക്ക് മടങ്ങി. ഇതറിഞ്ഞ ബദിയടുക്കയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടുകയും യുവതിയെ പരിയാരത്തേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ നടത്തിയ ശസ്ത്രക്രിയയിലാണ് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തത്.