വയനാട്ടിൽ രാഹുൽ ഗാന്ധി ക്വാട്ടയിലെ കേന്ദ്രീയ വിദ്യാലയ സീറ്റ് ബിജെപി നേതാവിന്റെ മകൾക്ക്;
നാണംകെട്ട് കോൺഗ്രസും ലീഗും
കൽപ്പറ്റ : രാഹുൽ ഗാന്ധി എംപിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് നൽകിയത് വിവാദമാകുന്നു. ബിജെപി കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ടി എം സുബീഷിന്റെ മകൾക്കാണ് കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ സീറ്റ് നൽകിയത്. കെപിസിസി അംഗം കൂടിയായ ഐഎൻടിയുസി നേതാവിന്റെ ശുപാർശയിലാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉണ്ടാക്കിയ നീക്കുപോക്കാണിതെന്ന് ആരോപണമുണ്ട്.
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് പരസ്യ ബാന്ധവം എന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ബിജെപി മുൻ ജില്ലാ സെക്രട്ടറി ടി മാനുവിന്റെ മകനാണ് സുബീഷ്. ആകെ 10 സീറ്റാണ് എം പി ക്വാട്ടയിലുള്ളത്. ഇതിൽ എട്ടും നൽകിയത് സ്വാധീനമുള്ളവരുടെ മക്കൾക്കാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ ആ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ട് സീറ്റേ നൽകിയിട്ടുള്ളൂ. പതിനായിരം രൂപ മുതൽ കൈക്കൂലി വാങ്ങി പലർക്കും സീറ്റ് വിറ്റതായും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.