ഞാൻ ഖമറുദ്ദീൻ അല്ല , തെറ്റൊന്നും ചെയ്തിട്ടില്ല, അത് തന്നെയാണ് ആത്മവിശ്വാസവും മന്ത്രി ജലീൽ
തിരുവനന്തപുരം :യു.എ.ഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാൻ വിതരണം ചെയ്തത് സാംസ്കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാൽ മതിയെന്നും അതിൽ കൂടുതലായി ഒന്നുമില്ലെന്നും മന്ത്രി കെ.ടി.ജലീൽ. തൻറെ കെെകൾ ശുദ്ധമാണെന്നും ജലീൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”യു.എ.ഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാനും റംസാൻ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഇ.ഡിക്ക് ചോദിച്ചറിഞ്ഞത്. അവരിൽ നിന്ന് ഞാനെന്തെങ്കിലും സമ്മാനമോ പണമോ വാങ്ങിയോ എന്നും ഇ.ഡി ചോദിച്ചു. ഞാൻ യു.എ.ഇ കോൺസുലേറ്റിൽ നിന്നും ഒരു സഹായവും സ്വീകരിച്ചിട്ടില്ല. റംസാൻ കിറ്റ് വിതരണവുമായൊ ഖുറാൻ വിതരണവുമായൊ ബന്ധപ്പെട്ട് യാതൊരുവിധ പണമിടപാടും ഉൾപ്പെട്ടിട്ടില്ല. എന്റെ കൈകൾ ശുദ്ധമാണ്”, മന്ത്രി പ്രതികരിച്ചു.
”എന്റെ വ്യക്തിപരമായ ആസ്തികളെക്കുറിച്ചും ഇ.ഡി ചോദിച്ചിരുന്നു. എന്റെ വീട് നിൽക്കുന്ന 19.5 സെന്റ് സ്ഥലമാണ് എനിക്കുള്ളത്. ഇതല്ലാതെ സ്വർണമോ മറ്റ് വസ്തുവകകളോ എനിക്കോ കുടുംബത്തിനോ ഇല്ല. ഒരു ബാങ്ക് ലോക്കറുകളിലും വിലപിടിപ്പുള്ള വസ്തുക്കളൊന്നും എൻറേതായി ഇല്ല”, ജലീല്‍ പറഞ്ഞു.
സ്വന്തമായി വണ്ടിയില്ലാത്തതുകൊണ്ട് സുഹൃത്തിന്റെ വാഹനത്തിലാണ് ഇ.ഡി ഓഫീസിൽ പോയതെന്നും ജലീല്‍ പറഞ്ഞു. ‘ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് പറയരുതെന്നു അവർ ആവശ്യപ്പെട്ടിരുന്നു. എല്ലാ ഔദ്യോഗിക സന്നാഹങ്ങളും ഉപയോഗിച്ച് മാത്രമേ ഒരാളെ കാണാൻ പാടുള്ളു എന്നൊന്നുമില്ലല്ലോ? അത് മാധ്യമങ്ങൾ പറയേണ്ടതാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സർക്കാർ ഏജൻസികൾ അന്വേഷിക്കുന്ന വിവരങ്ങൾ നൽകുക എന്നത് എന്റെ കടമ കൂടിയാണ്’ ജലീൽ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പ്രതിച്ഛായയെ ഈ സംഭവം ബാധിച്ചിട്ടില്ല. മുഖ്യമന്ത്രിയോ, സി.പി.ഐ.എം നേതൃത്വമോ തന്നോട് ഈ വിഷയത്തിൽ വിശദീകരണം ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിനൊപ്പം കൂടി പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ എനിക്കും വേണമെങ്കിൽ എം.സി കമറുദ്ദീൻ എം.എൽ.എ ചെയ്ത പോലുള്ള പ്രവർത്തനങ്ങൾ ചെയ്യാമായിരുന്നു.
പക്ഷേ ഞാനൊരിക്കലും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ആർക്കും അത്തരം ഒരു ആരോപണവും എന്റെ മേൽ ഉന്നയിക്കാനും കഴിയില്ല. പൈസയ്ക്ക് വേണ്ടി ആർക്കും ഞാൻ ഒന്നും ചെയ്ത് കൊടുത്തിട്ടില്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നത് തന്നെയാണ് എന്റെ ആത്മവിശ്വാസവും, ജലീൽ പറഞ്ഞു.