കോൺഗ്രസ്സ് മെഗാ ജമ്പോ പട്ടിക പുറത്തു വന്നപ്പോൾ കാസർകോടിന് നാല് കെ.പി.സി.സി. സെക്രട്ടറിമാർ
കാസർകോട് : കെ.പി.സി.സി. പുനഃസംഘടനയിൽ ജില്ലയിൽ നാല് കെ.പി.സി.സി. സെക്രട്ടറിമാർ. കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, എം. അസിനാർ, ബി. സുബ്ബയ്യറൈ എന്നിവരാണ് കെ.പി.സി.സി. സെക്രട്ടറിമാരായത്. ജില്ലയിൽ നാലുപേർ സെക്രട്ടറിയാകുന്നത് ഇതാദ്യം.
കെ. നീലകണ്ഠൻ തുടർച്ചയായി രണ്ടാംതവണയാണ് സെക്രട്ടറിയാകുന്നത്. കെ.എസ്.യു.വിന്റെ ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റിയംഗം, കെ.പി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കാറഡുക്ക സ്വദേശിയാണ്. ഡി.സി.സി. ജനറൽ സെക്രട്ടറിയാണ് ബാലകൃഷ്ണൻ പെരിയ. മികച്ച പ്രാസിംഗകനാണ്. കെ.എസ്.യു.വിന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയയുടെ സഹോദരനായ ഇദ്ദേഹം പെരിയ സ്വദേശിയാണ്. കാഞ്ഞങ്ങാട് പടന്നക്കാട് താമസിക്കുന്ന എം. അസിനാർ നിലവിൽ ഡി.സി.സി. ജനറൽ സെക്രട്ടറിയാണ്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺ ജില്ലാ സെക്രട്ടറി, സേവാദൾ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, ഹൗസ് ഫെഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോൺഗ്രസ് അനുഭാവ സാംസ്കാരിക സംഘടനായായ മാനവ സംസ്കൃതിയുടെ സംസ്ഥാന വൈസ് ചെയർമാനാണ്. പത്തുവർഷത്തോളം കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചു. മുൻ എം.പി. ഐ. രാമറൈയുടെ മകനാണ് സുബ്ബയ്യ റൈ. കുമ്പള ഇച്ചിലംപാടി സ്വദേശിയാണ്. നിലവിൽ കെ.പി.സി.സി. അംഗമാണ്.
മുൻ എം.എൽ.എ.യും മുതിർന്ന നേതാവുമായ കെ.പി. കുഞ്ഞിക്കണ്ണൻ ഉൾപ്പെടെ അഞ്ചുപേരെ കെ.പി.സി.സി. നിർവാഹക സമിതിയംഗമായും തിരഞ്ഞെടുത്തു. ഏറെക്കാലം കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയായിരുന്നു കെ.പി. കുഞ്ഞിക്കണ്ണൻ. പയ്യന്നൂർ സ്വദേശിയാണെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനമേഖല കാസർകോട് ജില്ലയാണ്. വലിയപറമ്പ് കന്നുവീട് കടപ്പുറം സ്വദേശിയും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.വി. ഗംഗാധരൻ, തൃക്കരിപ്പൂർ എടച്ചാക്കൈയി സ്വദേശിയും ഡി.സി.സി. വൈസ് പ്രസിഡന്റുമായ പി.കെ. ഫൈസൽ, കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പളി സ്വദേശിയും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ.കെ. നാരായണൻ, ഡി.സി.സി. ജനറൽ സെക്രട്ടറിയും മധൂർ സ്വദേശിയുമായ അഡ്വ. എ. ഗോവിന്ദൻ നായർ എന്നിവരാണ് കെ.പി.സി.സി. നിർവാഹകസമിതി അംഗങ്ങളായി തിരഞ്ഞെടുത്ത മറ്റു നാലുപേർ.
മേലത്ത് നാരായണൻ നമ്പ്യാർ, കോടോത്ത് ഗോവിന്ദൻ നായർ എന്നിവരാണ് ഇതിനു മുൻപ് കെ.പി.സി.സി. ഭാരവാഹികളായ കാസർകോട് ജില്ലക്കാരായ രണ്ടുപേർ. നാലുപതിറ്റാണ്ട് മുൻപായിരുന്നു മേലത്ത് കെ.പി.സി.സി. ജനറൽ സെക്രട്ടറിയായത്. കോടോത്ത് ഗോവിന്ദൻനായർ സെക്രട്ടറിയും ട്രഷറുമായി. ഏഴുവർഷം മുൻപത്തെ പുനഃസംഘടനയിലായിരുന്നു നീലകണ്ഠൻ സെക്രട്ടറിയായത്. കാസർകോടിന്റെ പട്ടികയിൽ ഉൾപ്പെടുന്ന കെ.പി. കുഞ്ഞിക്കണ്ണനും ദീർഘകാലം കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു.