കാസർകോട്ടെ പൊലീസ് സ്റ്റേഷൻ വളപ്പുകളിലെ വാഹനക്കൂട്ടം ലേലം ചെയ്ത് ഒഴിവാക്കും
കാസർകോട് : ജില്ലയിലെ പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ നിന്നു വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനക്കൂമ്പാരം ഒഴിയുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതിനായി നടത്തിയ കേന്ദ്രീകൃത ലേലത്തിലാണ് കേസ് കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുന്നത്. പാലക്കാട്ടുള്ള ഒരു ഏജൻസിയാണ് വാഹനങ്ങൾ ലേലം കൊണ്ടത്. അടുത്തിടെ കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഇങ്ങനെ വാഹനങ്ങൾ നീക്കിയിരുന്നു. ജില്ലയിൽ ഇതിന്റെ നടപടികൾ തുടങ്ങുന്നത് നീലേശ്വരം സ്റ്റേഷനിലാണ്. വർഷങ്ങളായി ഒരേ സ്ഥലത്തു നിർത്തിയിട്ട് ടയർ തേഞ്ഞ് പുല്ലും കാടും നിറഞ്ഞ വാഹനങ്ങൾ വെൽഡിങ് മെഷീൻ കൊണ്ടു പൊളിച്ചെടുത്തു കൊണ്ടുപോകുകയാണ്.
ജില്ലയിൽ ഏറ്റവും അധികം വാഹനങ്ങൾ നിറഞ്ഞു കിടക്കുന്നത് നീലേശ്വരത്താണ്. ദേശീയപാതയോരത്തെ സ്റ്റേഷൻ വാഹനങ്ങൾ മറഞ്ഞു കാണാനാകാത്ത നിലയിലാണ്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിവാര പരേഡിനു പോലും ഇവിടെ സ്ഥലമില്ലെന്നത് വാർത്തയിൽ ഇടം പിടിച്ചിരുന്നു. പൂഴി വാഹനങ്ങളിലെ പൂഴി ഒഴിവാക്കി പിഎംഎവൈ– ലൈഫ് പദ്ധതിയിലെ വീടു നിർമാണത്തിന് ഉപയോഗപ്പെടുത്തുന്ന വിഷയം നീലേശ്വരം നഗരസഭാ ചെയർമാൻ കെ.പി.ജയരാജൻ ജില്ലാ വികസന സമിതി യോഗത്തിൽ വരെ ഉന്നയിച്ചിരുന്നു
അതിനിടെ ചട്ടഞ്ചാലിൽ ദേശീയ പാതയോരത്ത് നിക്ഷേപിച്ച വാഹനങ്ങളും ഉടൻ ലേലം ചെയ്തു ഒഴിവാക്കും. ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങിയതായി ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു ബി എൻ സി യോട് പറഞ്ഞു. വാഹനങ്ങളുടെ ശവപ്പറമ്പായി മുദ്രകുത്തപ്പെട്ട ഈ സ്ഥലം മനോഹരിതമാക്കാൻ ജില്ലാ ഭരണകൂടത്തിന് പദ്ധതിയുണ്ട്. ഇതിന് സന്നദ്ധ, രാഷ്ട്രീയ സംഘടനകളുടെ സഹായം തേടും.