ഡല്‍ഹി കലാപം: യെച്ചൂരിയെ പ്രതിചേര്‍ത്തിട്ടില്ല, വാര്‍ത്തകള്‍ തള്ളി ഡൽഹി പോലീസ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി പോലീസ്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരി ഉള്‍പ്പടെയുളള നേതാക്കള്‍ കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ഡല്‍ഹി പോലീസിന്റെ അനുബന്ധ കുറ്റപത്രത്തിലുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.
‘കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റംചുമത്താനാകില്ല. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ.’ ഡല്‍ഹി പോലീസ് വക്താവ് പറഞ്ഞു.
വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരുന്നു. തന്റെയും യെച്ചൂരിയുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്ശിച്ചിട്ടേയുളളൂവെന്നും തങ്ങള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുകയോ, കുറ്റക്കാരമെന്ന് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന് പ്രൊഫ. അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന് രാഹുല്‍ റോയ്, മുന്‍ എം.എല്‍.എ. മതീന് അഹമ്മദ്, എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാന് എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തിലുളളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിനെ ശക്തമായി വിമര്‍ശിച്ച് യെച്ചൂരി രംഗത്തെത്തി. പോലീസ് ബി.ജെ.പി.യുടെ രാഷ്ട്രീയം നടപ്പാക്കുന്നുവെന്നും ഇത് നിയമവിരുദ്ധ നടപടിയാണെന്നുമാണ് യെച്ചൂരി വിശേഷിപ്പിച്ചത്. ‘ഉന്നത ബി.ജെ.പി.നേതൃത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണ് ഡല്‍ഹി പോലീസ്. കേന്ദ്രത്തിന്റെ കീഴിലാണ് ഡല്‍ഹി പോലീസ്. മുഖ്യധാരാ പ്രതിപക്ഷപാര്‍ട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഭയക്കുകയാണ്.’ യെച്ചൂരി പറഞ്ഞു.
ജെ.എന്‍.യു. വിദ്യാര്‍ഥികളും പിഞ്ജ്ര തോഡ് സംഘടനയുടെ പ്രവര്‍ത്തകരുമായ ദേവാംഗന കലിത, നതാഷ നര്‍വാള്‍, ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെപേരില്‍ യു.എ.പി.എ.യും ചുമത്തിയിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കുനേരെ പ്രതിഷേധം നയിച്ചവരാണ് കലാപത്തിന്റെ ആസൂത്രകരെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.
ജനുവരി 15-ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലാംപുരില്‍ പ്രതിഷേധം സംഘടിപ്പിച്ചത് ഫാത്തിമയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് യെച്ചൂരി, യോഗേന്ദ്ര യാദവ്, ജെ.എന്‍.യു വിദ്യാര്‍ഥിനേതാവ് ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ ഇവിടെ വന്നുപോയി. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിനുനേരെ പൗരത്വനിയമ ഭേദഗതിവിരുദ്ധപ്രക്ഷോഭം സംഘടിപ്പിച്ചവര്‍ നിയമം മുസ്ലിങ്ങള്ക്കെതിരാണെന്നു തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയെന്നാണ് പോലീസിന്റെ ആരോപണം.