‘ഹിന്ദുവിരുദ്ധൻ, കാലൻ എന്തേ വൈകി’; അന്തരിച്ച സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച് മുൻ സിബിഐ ഡയറക്ടർ
ന്യൂഡൽഹി : അന്തരിച്ച സ്വാമി അഗ്നിവേശിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി മുൻ സിബിഐ ഡയറക്ടർ നഗേശ്വര റാവു. അഗ്നിവേശ് കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണെന്നും കാലൻ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് തന്നെ അതിശയപ്പെടുത്തിയെന്നും നാഗേശ്വര റാവു ട്വിറ്ററിൽ കുറിച്ചു.
”തെലുങ്ക് ബ്രാഹ്മണനായി നിങ്ങൾ ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു. സിംഹത്തോലണിഞ്ഞ ചെന്നായയാണ് നിങ്ങൾ’ നാഗേശ്വര റാവു ട്വിറ്റ് ചെയ്തു. സ്വാമി അഗ്നിവേശിന്റെ മരണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് നാഗേശ്വര റാവു ട്വിറ്റ്. മുൻ സിബിഐ ഡയറക്ടറുടെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സാമൂഹ്യ പ്രവർത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് ഇന്നലെയാണ് അന്തരിച്ചത്. കരൾ രോഗ ബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. സമാധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധ സമരം, തൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രചാരണം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.