മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കടത്തിയ 225 ലിറ്റര്‍ മദ്യം പിടികൂടി; മംഗൽപാടി സ്വദേശികൾ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവിലെ തൊക്കോട്ടുനിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കടത്തിയ 225 ലിറ്റര്‍ മദ്യം പിടികൂടി. നഗര സൗത്ത് സബ്ഡിവിഷന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഉള്ളാള്‍ സ്റ്റേഷനിലെ പൊലീസ് സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്. 26 ബോക്സുകളിലായി 225 ലിറ്റര്‍ മദ്യം കാറിനകത്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. മംഗല്‍പാടിയിലെ റെജിന്‍ (23), ധീരജ് (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടേക്കര്‍ അജ്ജനകട്ടയില് നിന്നാണ് ഉള്ളാള്‍ പൊലീസ് മദ്യം കടത്തുകയായിരുന്ന മാരുതി 800 കാര്‍ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇരുവരും തൊക്കോട്ടുനിന്ന് കാസര്‍കോട്ടേക്ക് അനധികൃതമായി മദ്യം കടത്തുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. മദ്യവും കാറും കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.