ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ സംഘര്‍ഷം;ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജിആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റു. കണ്ണിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
യുവമോര്‍ച്ച മാര്‍ച്ചിനുനേരെ അഞ്ചുതവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ ലാത്തിവീശി, കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.
പിന്നാലെ വന്ന എ.ബി.വി.പി മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു.
കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. കൊല്ലത്തും കോഴിക്കോട്ടും തൃശൂരും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു.
പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും ഏറ്റുമുട്ടി. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് നടത്തിയ ലോങ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ഡി.സി.സി പ്രസിഡന്റ് ബിന്ദു ക്യഷ്ണയുടെ നേത്യത്വത്തില്‍ ചിന്നക്കടയില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയില്‍ പൊലീസ് തടഞ്ഞു.
കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചു.