മന്ത്രി ജലീൽ ഒളിച്ചുപോയി മൊഴി കൊടുത്തതെന്തിന്? ആഞ്ഞടിച്ച് ലീഗ്
മലപ്പുറം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. സ്വർണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്റെ തെളിവ് ഓരോന്നായി പുറത്തുവരികയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. മാന്യതയുണ്ടെങ്കിൽ കെ ടി ജലീൽ തൽസ്ഥാനത്ത് നിന്ന് രാജി വയ്ക്കണം. സ്വപ്ന സുരേഷുമായി നിരന്തരം ഫോണിൽ കെ ടി ജലീൽ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നതെന്ന് ലീഗ് ചോദിക്കുന്നു. ഇ പി ജയരാജനെയും തോമസ് ചാണ്ടിയെയും ശശീന്ദ്രനെയും മാറ്റി നിർത്താമെങ്കിൽ എന്തുകൊണ്ട് ജലീലിനെതിരെ നടപടിയുണ്ടാകുന്നില്ല എന്നും ലീഗ് ചോദിച്ചു.
ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സിപിഎമ്മിന്റെ മുഖം വികൃതമാകുകയാണെന്നും മജീദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്നും കെ പി എ മജീദ് പറഞ്ഞു. അതേസമയം, കോഴിക്കോട്ട്, കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്. സംസ്ഥാനത്തെമ്പാടും വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും വിവിധ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും യൂത്ത് ലീഗും എത്തുന്നുണ്ട്. വലിയ പ്രതിഷേധത്തിനാണ് സംസ്ഥാനത്തെമ്പാടും കളമൊരുങ്ങുന്നത്. രണ്ട് ഉപതെരഞ്ഞെടുപ്പുകളും തദ്ദേശതെരഞ്ഞെടുപ്പും, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കവെ, സംസ്ഥാനചരിത്രത്തിലാദ്യമായി ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനെ വലിയ രാഷ്ട്രീയായുധമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം, മലപ്പുറത്തെ വീട്ടിൽ ജലീൽ ഇപ്പോഴും മൗനത്തിലാണ്. വീടിന് ചുറ്റും വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെ അടക്കം പ്രവേശിപ്പിക്കുന്നില്ല. വെള്ളിയാഴ്ച തന്നെ മാധ്യമപ്രവർത്തകർ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തോ എന്നറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, മന്ത്രി ഇക്കാര്യം പൂർണമായി നിഷേധിക്കുകയാണുണ്ടായത്. പിന്നീട് എൻഫോഴ്സ്മെന്റ് മേധാവിയാണ് ജലീലിന്റെ മൊഴിയെടുത്ത വിവരം മാധ്യമങ്ങളോട് പറഞ്ഞത്. എൻഫോഴ്സ്മെന്റ് എത്തി വിവരം തേടിയിട്ടും, ഇത് മന്ത്രി എന്തിനാണ് നിഷേധിച്ചത് എന്നത് ചൂണ്ടിക്കാട്ടിത്തന്നെയാണ് പ്രതിപക്ഷം ആരോപണത്തിന്റെ കുന്തമുന കൂർപ്പിക്കുന്നത്.