ലഹരിയിൽ മുങ്ങി ബോളിവുഡ് , താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തി റിയ
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുട്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അന്വേഷണം ആരംഭിച്ച ലഹരി മരുന്നു കേസ് പുതിയ തലങ്ങളിലേക്കു വ്യാപിക്കുകയാണ്. കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലുകള്‍ ബോളിവുഡില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. നടിമാരായ സാറ അലി ഖാന്, രാകുല്‍ പ്രീത് സിങ്, ഡിസൈനര്‍ സമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനെജരുമായ രോഹിണി അയ്യര്‍, സംവിധായകന് മുകേഷ് ഛബ്ര തുടങ്ങിയവര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ വെളിപ്പെടുത്തിയിട്ടുണ്ടത്രേ. ഇവര്‍ എന്‍സിബി നിരീക്ഷണത്തിലാണെന്നും അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ബോളിവുഡിലെ ഭൂരിപക്ഷം അഭിനേതാക്കളും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയ എന്സിബിയോടു പറഞ്ഞതെന്നാണു റിപ്പോര്‍ട്ടുകള്‍. സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ 2018ല്‍ സുശാന്ത് സിങ്ങിനൊപ്പം ‘കേദാര്‍നാഥില്‍’ അഭിനയിച്ചാണ് രംഗത്തുവരുന്നത്. സുശാന്ത് സിങ്ങിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സാറ തായ് ലന്‍ഡില്‍ പോയിട്ടുണ്ടെന്നു റിയ എന്സിബിയോടു പറഞ്ഞതായാണു സൂചന. തായ് ലന്‍ഡ് ട്രിപ്പില്‍ 70 ലക്ഷത്തോളം രൂപ ചെലവഴിച്ച് രാജകീയ ജീവിതമാണ് സുശാന്ത് സിങ് നയിച്ചതെന്ന് നേരത്തേ റിയ ഒരു വാര്‍ത്താചാനലിനോടു പറഞ്ഞിരുന്നു. കേദാര്‍നാഥിന്റെ ഷൂട്ടിങ്ങിനിടെ സുശാന്തും സാറയും അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് സുശാന്തിന്റെ സുഹൃത്ത് സാമുവല്‍ ഹാവോകിപ്പും പറഞ്ഞിരുന്നു.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 15 താരങ്ങളാണ് ഇപ്പോള്‍ എന്‍സിബിയുടെ നിരീക്ഷണത്തിലുള്ളതെന്നാണു സൂചനകള്‍ വരുന്നത്. 80 ശതമാനം ബോളിവുഡ് താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് റിയ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. 25 ബോളിവുഡ് താരങ്ങളെ അന്വേഷണവുമായി ബന്ധപ്പെട്ടു വിളിച്ചുവരുത്താന്‍ എന്‍സിബി ആലോചിക്കുന്നുണ്ടെന്നും പറയുന്നുണ്ട്. കേസില്‍ അറസ്റ്റിലായ റിയയും സഹോദരന് ഷോവിക്കും മറ്റു നാലു പേരും നല്കിയ ജാമ്യാപേക്ഷകള്‍ വെള്ളിയാഴ്ച പ്രത്യേക കോടതി തള്ളിയിരുന്നു. കേസന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കിയേക്കുമെന്നുമുള്ള എന്‍സിബിയുടെ വാദം അംഗീകരിച്ചാണിത്.