നവീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു
വെള്ളരിക്കുണ്ട് : ബളാല്‍ ഗ്രാമപ്പഞ്ചായത്തിലെ ചുള്ളി സി.വി. കോളനി റോഡ് നവീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. മലമുകളിലെ കോളനിയിലേക്ക്
റോഡ് നന്നാക്കാന്‍ 10 ലക്ഷത്തിന്റെ പദ്ധതിയായിരുന്നു. കുറച്ചുദൂരം കോണ്‍ക്രീറ്റും ബാക്കി ടാറിടലുമായിരുന്നു ലക്ഷ്യം
മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ പണി നീണ്ടു. മേയ് അവസാനത്തോടെയാണ് പണി
തീര്‍ന്നത്. നിര്‍മാണസമയത്തുതന്നെ പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയതായി കോളനിവാസികള്‍ പറയുന്നു.
നല്ല മഴക്കാലത്തായിരുന്നു റോഡിന്റെ പണി. മൂന്ന് മാസത്തിനകം റോഡ് തകര്‍ന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലുണ്ടായ കനത്തമഴയിലാണ് ടാറിങ്
ഇളകാന്‍ തുടങ്ങിയത്. ടാര്പാളികള് അടര്ന്നുകൊണ്ടിരിക്കുന്നു. ചെറു വാഹനം പോകുമ്പോള്‍ത്തന്നെ റോഡ് താഴുന്ന
അവസ്ഥയിലാണ്. കോളനിവാസികള്‍ മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി അയച്ചു.