കോവിഡ് : അഞ്ചിലൊന്ന് മരണം ഇന്ത്യയില്‍ ; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 10 ലക്ഷം കടന്നു
ന്യൂഡൽഹി:ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് ബാധിതരില്‍ മൂന്നിലൊന്നും ദിവസേനയുള്ള മരണത്തില്‍ അഞ്ചിലൊന്നും ഇന്ത്യയിൽ. വ്യാഴാഴ്ച ലോകത്താകെ 3,02,570 രോഗികള്‍. ഇതിൽ 96551ഉം ഇന്ത്യയില്‍, യുഎസിൽ 38811 രോഗികള്‍. ബ്രസീലില്‍ 40431. ലോകത്താകെ വ്യാഴാഴ്ച കോവിഡ് മരണം 5992. ഇതില്‍ 1209 മരണം ഇന്ത്യയില്‍. യുഎസിൽ 1090, ബ്രസീലിൽ 922.
വ്യാഴാഴ്ച മഹാരാഷ്ട്രയിൽമാത്രം അഞ്ഞൂറിനടുത്ത് മരണമുണ്ടായി.രാജ്യത്ത് ആദ്യ കോവിഡ് റിപ്പോർട്ടുചെയ്ത് എട്ടുമാസം പിന്നിടുമ്പോഴാണ് ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ഇന്ത്യ എത്തിനിൽക്കുന്നത്. പ്രതിദിന കേസുകളും മരണങ്ങളും ഓരോ ദിവസവും വർധിക്കുകയാണ്. സെപ്തംബർ ഒന്നുമുതൽ 10 വരെ രാജ്യത്ത് പുതുതായി 8.72 ലക്ഷം രോഗികള്‍, 10871 മരണം. സെപ്തംബർ ആദ്യംമുതൽ പ്രതിദിനമരണം ശരാശരി ആയിരമെന്ന തോതില്‍. പ്രതിദിന കേസുകളാകട്ടെ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. അടുത്ത മാസം പകുതിയോടെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെയും മറികടക്കും.
24 മണിക്കൂറിൽ 70880 പേർ രോഗമുക്തരായി. രോഗമുക്തരുടെ എണ്ണം 35.43 ലക്ഷമായി. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ ചികിൽസയിലുള്ള രോഗികളുടെ എണ്ണം 943480 ആയി ഉയർന്നു. ചികിൽസയിലുള്ളവരിൽ 48 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലാണ്.
10 ലക്ഷം കടന്ന് മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 10 ലക്ഷം കടന്നു. കർണാടകയിൽ മരണം ഏഴായിരത്തിലേറെയായി. വെള്ളിയാഴ്ചയും ഒരു ലക്ഷത്തിനടുത്ത് രോഗികളും ആയിരത്തിലേറെ മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 24,886 പേർക്ക് രോഗം സ്ഥിരീകരിച്ചു. 442 പേർ കൂടി മരിച്ചു. ആകെ രോഗികൾ 10,15,681. ആകെ മരണം 28,724. കർണാടകയിൽ 9464 രോഗികളും 130 മരണവും. ആകെ മരണം 7067 ലെത്തി. ആന്ധ്രയിൽ 9999 കേസും 77 മരണവും. തമിഴ്നാട്ടിൽ 5519 കേസും 77 മരണവും. ഡൽഹിയിൽ 4266 കേസും 21 മരണവും.
ഉത്തർപ്രദേശ് ജയിൽ വകുപ്പ്മന്ത്രി ജെയ് കുമാർ സിങ് ജെയ്കിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒഡിഷയിൽ വനിത ശിശുക്ഷേമ മന്ത്രി തുക്കുനി സാഹുവിന് രോഗം സ്ഥിരീകരിച്ചു. ഒഡിഷയിൽ കോവിഡ് ബാധിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് സാഹു.