പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ, സിബിഐയോട് നിസ്സഹകരണം
തിരുവനന്തപുരം: കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി സംസ്ഥാനസർക്കാർ. സിംഗിൽ ബഞ്ചും പിന്നാലെ ഡിവിഷൻ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ് സിബിഐയോട് സമ്പൂർണനിസ്സഹകരണമാണ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകൾ തേടി കത്ത് നൽകിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് നൽകിയതുമില്ല.
കഴിഞ്ഞ മാസം 25-ാം തീയതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നൽകി. എന്നിട്ടും മറുപടി കിട്ടിയില്ല. കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇതിലേക്ക് സിബിഐ അന്വേഷണപ്രകാരം കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമർശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തിൽ രാഷ്ട്രീയചായ്വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിൾ ബഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന് ബഞ്ച് ഉത്തരവില്‍ പറയുന്നു. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി വിമർശിക്കുന്നു. ഇത് കേസിന്റെ നിലനില്പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
സർക്കാരിന്റെ അപ്പീൽ തള്ളി, പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കാൻ ഇന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് സിപിഎമ്മിനും സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയായിരുന്നു. സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം നിലനിർത്തിയിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം പൂർത്തിയാകാതെ തുടർ നടപടി പാടില്ലെന്ന് മജിസ്ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ഇതിന് പിന്നാലെ, സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേര്‍ക്കലുകൾ നടത്താം. ഒമ്പത് മാസവും ഒമ്പത് ദിവസത്തിനും ശേഷമാണ് കേസിൽ നിർണായക തീരുമാനം വന്നത്.
9 മാസം മുൻപ് വാദം പൂർത്തിയാക്കിയിട്ടും വിധി പറയാത്ത കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിന് പിറകെയാണ് അപ്പീൽ ഹർജിയിൽ വിധി വന്നത്. മുൻ സിപിഎം നേതാക്കൾ ഉൾപ്പെട്ട കൊലപാതക കേസിൽ ഗൂഢാലോചനയിൽ അന്വേഷണം ഉണ്ടായില്ലെന്നുമുള്ള വാദം ഡിവിഷൻ ബഞ്ച് ശരിവച്ചു. 14 പ്രതികളെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഡിവിഷൻ ബഞ്ച് നിലനിർത്തിയിട്ടുണ്ട്. എന്നാൽ, അതിന്മേൽ മജിസടേറ്റ് കോടതി തുടർ നടപടി സ്വീകരിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കി. സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ നടപടി പാടുള്ളൂ. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് സിബിഐയ്ക്ക് കോടതി നിർദ്ദേശം നൽകി. സിബിഐയ്ക്ക് ഈ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. പുതിയ കുറ്റപത്രം സമർപ്പിക്കാം – കോടതി പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസ്റ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി. 2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.