കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായി റിപോര്‍ട്. ഡല്‍ഹിയിലെ ഇ ഡി വൃത്തങ്ങളെ അവലംബിച്ചു ദൃശ്യമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ആലുവയിലാണ് കെ ടി ജലീലിനെ ചോദ്യം ചെയ്തതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.മന്ത്രി കെ ടി ജലീല്‍ ഇന്നലെ രാത്രി ആലുവയില്‍ എത്തിയിരുന്നു. വിവരം പുറത്തറിയാതിരിക്കുന്നതിനായി മന്ത്രി സ്വകാര്യ കാറിലാണ് ആലുവയില്‍ എത്തിയതെന്നാണ് അറിയുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആലുവയില്‍ എത്തിയാണ് ചോദ്യം ചെയ്തത്. രണ്ടു മണിക്കുറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നതായാണ് വിവരം.
ചോദ്യം ചെയ്യലിനു ശേഷം മന്ത്രി അരൂരിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ശേഷമാണ് മടങ്ങിയത്.പ്രോട്ടോക്കോള്‍,നയതന്ത്ര ബാഗേജ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മന്ത്രി കെ ടി ജലീലില്‍ നിന്നും എന്ഫോഴ്മന്റ് ചോദിച്ചറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം.നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ വന്നതടക്കമുളള വിഷയങ്ങളും എന്‍ഫോഴ്സ്മന്റ് മന്ത്രിയില്‍ നിന്നും ചോദിച്ചറിഞ്ഞു. ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ സ്വപ്ന അടക്കമുള്ള പ്രതികളുമായി മുന്‍ പരിയചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും മന്ത്രിയോട് ചോദിച്ചതായും പറയപ്പെടുന്നു.അതേ സമയം എന്‍ഫോഴ്സമെന്റ് ചോദ്യം ചെയ്ത വാര്‍ത്ത മന്ത്രി കെ ടി ജലീല്‍ സ്ഥിരീകരിച്ചിട്ടില്ല.തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞതായി സ്വകാര്യ ചാനല്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.അതേസമയം മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വി.ഡി സതീശന്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്ബില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് തുടങ്ങിയവരെല്ലാം ഇതിനോടകം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. ബി.ജെ.പി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികളിലേക്കും ഇറങ്ങുകയാണ്. ധാര്‍മികതയുണ്ടെങ്കില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എത്രകാലം മുഖ്യമന്ത്രിക്ക് ജലീലിനെ സംരക്ഷിക്കാനാകുമെന്നും ജലീല്‍ തലയില്‍ മുണ്ടിട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.