സെപ്തംബര്‍ 21 മുതല്‍ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍
ബേക്കൽ കോട്ടയും റാണിപുരവും തുറന്നു കൊടുക്കും
കാസർകോട് :സെപ്തംബര്‍ 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ ജില്ലയില്‍ അനുവദിക്കാന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത് പ്രകാരം മരണം-വിവാഹം ഉള്‍പ്പെടെയുള്ള പൊതു- സ്വകാര്യ ചടങ്ങുകളില്‍ 100 പേരെ പരാമാവധി പങ്കെടുപ്പിക്കാം.എന്നാല്‍ രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കാളിത്തം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് തീരുമാനമെടുക്കും.
ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ തുറക്കും
ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോവിസ് മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ഒരേ സമയം 100 പേർക്കു മാത്രമേ കോട്ടയ്ക്കകത്ത് പ്രവേശനം അനുവദിക്കൂ. പള്ളിക്കര ബീച്ചും റാണിപുരവും സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. അവിടെയും ഇതേ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഒരേ സമയത്ത് പ്രവേശനം നൂറു പേർക്കു മാത്രമായിരിക്കും.
ബിആര്‍ഡി സിയുടെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇവിടെ താമസിക്കാന്‍ വരുന്ന വിനോദ സഞ്ചാരികള്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കും.കൂടാതെ തെര്‍മ്മല്‍ പരിശോധനയും നടത്തും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഇവയുടെ പ്രവര്‍ത്തനം. ഇതേ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഹൗസ് ബോട്ടുകള്‍ക്കും സര്‍വ്വീസ് നടത്താം.
വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴില്‍ പരിശീലന കോഴ്സുകള്‍ ആരംഭിക്കാം
ആര്‍സെറ്റി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴില്‍ പരിശീലന കോഴ്സുകള്‍ പുനരാംഭിക്കാന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി അംഗീകാരം നല്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പരിശീലനം.
ഇതുവരെ വീടുകളില്‍ കിടത്തി ചികിത്സിച്ചത് 1562 പേരെ
രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന പദ്ധതി ജില്ലയില്‍ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്ന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. ഇതുവരെ വീടുകളില്‍ കിടത്തി ചികിത്സിച്ചത് 1562 പേരെയാണ്.ഇവരില്‍ 702 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കോവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ഓക്സിമീറ്റര്‍ ലഭ്യമാക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറോട് കളക്ടര്‍ നിര്‍ദേശിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജില്ലയില്‍ അഞ്ച് ആംബുലന്‍സ് കൂടി ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.അജാനൂര്‍-കോട്ടിക്കുളം മേഖലയില്‍ വീടുകളില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ സി എഫ് എല്‍ ടി സിക്കായി കണ്ടെത്തിയ കെടിടം ഈ ആവശ്യത്തിന്് ഉപയോഗ പ്രദമാക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
21 മുതല്‍ കെ എസ് ആര് ടി സി ബസ് ഓണ്‍ ഡിമാന്റ്
സെപ്തംബര്‍ 21 മുതല്‍ കെ എസ് ആര് ടി സി ബസ് ഓണ്‍ ഡിമാന്റ് അനുസരിച്ച് സര്‍വ്വീസ് നടത്തും കാസര്‍കോട്-മംഗലാപുരം.കാസര്‍കോട് -പഞ്ചിക്കല്‍ റൂട്ടിലായിരിക്കും ഈ സേവനം ലഭിക്കുക . ഇതു പ്രകാരം സേവനം ലഭിക്കാന്‍ കെ എസ് ആര് ടി സി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഉപയോഗിച്ച് റിസര്‍വ്വ് ചെയ്യണം. ഒരുമാസത്തേക്കാണ് റിസര്‍വ്വ് ചെയ്യേണ്ടത്.ഒരു റൂട്ടില്‍ ഒരു ബസില്‍ 40 പേരായാല്‍ സര്‍വ്വീസ് ആരംഭിക്കും.
*മാഷ്- അധ്യാപകരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയാല്‍ ജാമ്യമില്ലാത്ത കേസ്
അഞ്ച് വര്‍ഷം വരെ തടവ്*
കോവിഡ് ബോധവത്കരണത്തിനുള്ള മാഷ് പദ്ധതി ജില്ലയില്‍ നന്നായി നടപ്പാക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. കോവിഡ് ബോധവത്കരണത്തിന് എത്തുന്ന അധ്യാപകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തുകയാണ് ഈ അധ്യാപകരുടെ ലക്ഷ്യം. ഇങ്ങനെ ബോധവത്കരണത്തിന് എത്തുന്ന അധ്യാപകരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യൻ പീനൽ കോഡ് 353 പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കും. ഈ നിയമത്തിലേയും കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലേയും വകുപ്പുകൾ പ്രകാരം അഞ്ചു വര്‍ഷം വരെ തടവ് കിട്ടാവുന്ന കേസുകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.എ ഡിഎം എന്‍ ദേവീദാസ്,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്, ആര് ഡി ഒ ഷംസുദ്ദീന്,ഡി വൈ എസ് പി മാരായ പി ബാലകൃഷ്ണന് നായര്‍, വിനോദ് കുമാർ കോർ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു