കുമ്പള മുരളി വധക്കേസ്: ആർഎസ്എസ് പ്രവർത്തകന് ജീവപര്യന്തം തടവും പിഴയും, ഏഴ് പേരെ വെറുതെ വിട്ടു
കാസർകോട് : കുമ്പളയിലെ സിപിഐ എം പ്രവർത്തകൻ പി മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അനന്തപുരം സ്വദേശി ശരത് രാജിനെയാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ജയിലിൽ നിന്നും ലഭിക്കുന്ന വരുമാനം മുരളിയുടെ കുടുംബത്തിന് നൽകണമെന്നും ജഡ്ജി രാജൻ തട്ടിൽ ഉത്തരവിട്ടു.
കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് ഏഴ് ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. രണ്ട് മുതൽ നാല് വരെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം അബ്ദുൾ സത്താർ പറഞ്ഞു. കുമ്പള സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സുരേഷ് ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രതികൾക്ക് മുരളിയോടുള്ള രാഷ്ട്രീയവിരോധത്താലാണ് കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.
2011 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി അപ്സര മില്ലിനടുത്ത് മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മാരകായുധങ്ങൾ കൊണ്ട് അക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് നിലത്തുവീണിട്ടും മുരളിയുടെ നെഞ്ചിൽ ചവിട്ടി ശരത് രാജ് കുത്തി. ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 14 മുറിവുകളാണ് മുരളിയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതിൽ നാലെണ്ണം മാരകമായിരുന്നു.