അളവില്‍ കൂടുതല്‍ മദ്യവുമായി പിടിയിലായി; മികച്ച സേവനത്തിന് അവാർഡ് നേടിയ എക്സൈസ് സി ഐ യെ സസ്പെൻറ് ചെയ്തു.
ആലപ്പുഴ :വാഹനപരിശോധനക്കിടയിൽ മദ്യവുമായി പിടിയിലായ എക്സൈസ് സി ഐയെ സസ്പെന്റ് ചെയ്തു. അനധികൃതമായി കാറിൽ മദ്യം കൊണ്ടുപോയതിനാണ് നടപടി. കഴിഞ്ഞ ആറിന് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് ഷിബു ചേർത്തല പൊലീസിന്റെ പിടിയിലാകുന്നത്. എക്സൈസ് വിജിലൻസ് വിഭാഗം നടത്തിയ അന്വഷണത്തിൽ ഷിബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
നേരത്തെ 2010 ൽ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് നേടിയിട്ടുള്ള തനിക്ക് മദ്യം പാക്ക് ചെയ്ത് വണ്ടിയിൽ വച്ച് തന്നത് സഹപ്രവർത്തകരാണെന്ന് ഷിബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയ തന്റെ പക്കൽ, വിരമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിൽ മദ്യം തന്നു വിട്ടത് എറണാകുളം എക്സൈസ് സിഐയാണ്. ഓഫീസ് ജീവനക്കാരനാണ് മദ്യം പാക്ക് ചെയ്ത് തന്റെ വാഹനത്തിൽ വച്ചത്. തിരുവനന്തപുരത്ത് എത്തിക്കാനുള്ള ചില ഔദ്യോഗിക രേഖകളും തന്റെ പക്കൽ ഉണ്ടായിരുന്നു.
എത്ര ലിറ്റർ മദ്യം ഉണ്ടെന്ന് നോക്കിയില്ലെന്നും താൻ മദ്യപിക്കുന്ന ആളല്ലെന്നും ഷിബു പറഞ്ഞു. ലഹരി കേസുകൾ പിടിച്ചതിൽ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ആരെങ്കിലും കുടുക്കിയതാവാമെന്നും ബിഎൽ ഷിബു പറഞ്ഞു. ഏഴ് ലിറ്ററിലധികം വരുന്ന എട്ട് കുപ്പി മുന്തിയതരം വിദേശ മദ്യമാണ് എക്സൈസ് സി ഐയുടെ വാഹനത്തില്‍ കണ്ടെത്തിയത്