കോവിഡ് മാറി തിരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം; സര്‍ക്കാരിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ – കെ.സുരേന്ദ്രന്
തിരുവനന്തപുരം: കോവിഡ് മാറി തിരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമാണെന്നും ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമുള്ളത് കൊണ്ട് തിരഞ്ഞെടുപ്പ് മാറ്റാൻ കോവിഡിനെ ആയുധമാക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് മാറ്റേണ്ടത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രാഷ്ട്രീയ ആവശ്യമാണ്. അവർ പരസ്പരം ധാരണയിലെത്തിയ ശേഷമാണ് ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത സർവ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതെന്നും കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന് ബി.ജെ.പി ആദ്യം മുതൽക്ക് തന്നെ പറഞ്ഞതാണ്. എന്നാൽ അതിന്റെ മറവിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും മാറ്റേണ്ടതില്ലെന്നാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും എത്താനാണ് സാധ്യതയെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സർക്കാരിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രതിപക്ഷത്തിനും തമ്മിലടിയും മറ്റും കൊണ്ട് സമാന അവസ്ഥയിലാണ്. അതാണ് അവർ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രംഗത്ത് വന്നത്. എല്ലാം തുറന്ന് കൊടുക്കുന്ന അൺലോക്ക് സജീവമാകുമ്പോൾ എന്തിനാണ് തിരഞ്ഞെടുപ്പ് മാത്രം മാറ്റുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.