പാറശാലയില്‍ പാര്‍ട്ടി ഓഫീസിൽ തൂങ്ങിമരിച്ച യുവതി സി പി എം അംഗമല്ല, കുടുംബശ്രീ പ്രവര്‍ത്തക, വിശദീകരണവുമായി
ജില്ലാ സെക്രട്ടറി.
തിരുവനന്തപുരം: പാറശാലയില്‍ സി.പി.എം പ്രവര്‍ത്തകയും ആശ വര്‍ക്കറുമായ യുവതിയെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്ന് ആനാവൂര്‍ നാഗപ്പന് ഒരു ഓണ്‍ലൈനിനോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി ഓഫീസ് പണിയാനായി വാങ്ങിയ സ്ഥലത്താണ് മരണം നടന്നത്. ആരും ഉപയോഗിക്കാതെ ആ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഒരു ബൈക്കിന് പോലും നേരെ പോകാന്‍ കഴിയാത്ത വഴിയാണ്. പെണ്‍കുട്ടി അവിടെ ആത്മഹത്യ ചെയ്തെന്ന് ഇന്ന് രാവിലെയോടെയാണ് അറിഞ്ഞതെന്നും ആനാവൂര്‍ വിശദീകരിച്ചു.ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ല. ഇവര്‍ കുടുംബശ്രീ പ്രവര്‍ത്തകയായിരുന്നു. ഇന്നലെ നടന്ന കമ്മിറ്റിയിലുണ്ടായ മനോവിഷമമാണ് ആശയുടെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. എന്നാല്‍ ഇന്നലെ ഇവര്‍ പങ്കെടുത്ത കുടുംബശ്രീയുടെ കമ്മിറ്റി ഉണ്ടായിരുന്നോയെന്ന് തനിക്ക് അറിയില്ല. ഇന്നലെ പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റിയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഏരിയ കമ്മിറ്റി അംഗമല്ല. കുടുംബശ്രീയുടെ പ്രവര്‍ത്തക എന്ന നിലയില്‍ ഇവര്‍ സി.പി.എം അനുഭാവിയാണ്. കുടുംബശ്രീയില്‍ ആശയ്ക്ക് മെമ്ബര്ഷിപ്പുണ്ട്. കുടുംബശ്രീയുടെ എല്ലാ പരിപാടികളിലും ആശ സജീവമായി പങ്കെടുക്കാറുണ്ട്. പാര്‍ട്ടി ഘടകങ്ങളിലൊന്നിലും ആശയ്ക്ക് മെമ്ബര്ഷിപ്പില്ലെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു.അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അരുണ്‍ കൃഷ്ണ ,ശ്രീകാന്ത് എന്നിവര്‍ മക്കളാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.