റംസിയുടെ ആത്മഹത്യ: സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും അന്വേഷണം
കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കിയതോടെ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽപ്പോയി. ലക്ഷ്മിക്കൊപ്പം കേസിൽ ആരോപണവിധേയരായചിലരും ഒളിവിലാണ്. രണ്ടുദിവസത്തിനുളളിൽ നടിയുൾപ്പടെയുളളവരെ പ്രതിചേർക്കുമെന്നാണ് പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.ഇരുപത്തിനാലുകാരി റംസി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഹാരിസ് റംസിയെ ഒഴിവാക്കിയെന്നും ഇതിനെത്തുടർന്നായിരുന്നു ആത്മഹത്യയെന്നുമാണ് പരാതി. ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.കേസിൽ പ്രതിയായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ റംസിയും ലക്ഷ്മിയും ചേർന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. ഇരുവരും തമ്മിലുളള സംഭാഷണവും കൈമാറിയ സന്ദേശങ്ങളും കേസിൽ നിർണായകമാകുമെന്നാണ് പൊലീസ് പറയുന്നത്.റംസിക്ക് നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഗർഭച്ഛിദ്രം നടത്താനായി എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും ലക്ഷ്മിയാണ്. ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് റംസിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. നിലവിൽ ഹാരിസ് മാത്രമാണ് അറസ്റ്റിലായത്.