കൊറോണ വൈറസ് തലച്ചോറിനെ നേരിട്ടു ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍
ന്യൂദല്‍ഹി: കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. കൊവിഡ് രോഗം സ്ഥിരീകരിച്ചവരിലുണ്ടാകുന്ന രൂക്ഷമായ തലവേദനയും, ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും ഇതിന് തെളിവാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.
യേല്‍ ഇമ്മ്യൂളോജിസ്റ്റായ അകികോ ഇവാസാക്കിയുടെ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ശരീരത്തിലെത്തുന്ന കൊവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് ഇദ്ദേഹത്തിന്റ പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നു.
തലച്ചോറിലെത്തുന്ന വൈറസ് കോശങ്ങളില്‍ ഓക്സിജന്‍ എത്തുന്നത് തടയുമെന്നും. ഇതിലൂടെ തലച്ചോറിലെ കോശങ്ങള്‍ നശിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇതൊരു പ്രാഥമിക നിരീക്ഷണം മാത്രമാണെന്നും ആഗോള അംഗീകാരം കിട്ടിയിട്ടില്ലെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അതേസമയം പഠനത്തിനായി അകികോയുടെ നേതൃത്വത്തിലുള്ള സംഘം ഉപയോഗിച്ച് സാങ്കേതിക വിദ്യകളെ അഭിനന്ദിക്കുന്നുവെന്ന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആന്‍ഡ്രൂ ജോസഫ്സണ്‍ പറഞ്ഞു.
എന്നാല്‍ വൈറസ് നേരിട്ട് തലച്ചോറില്‍ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇത് വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സാര്‍സ്കോവ്-2 വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതല്ലെന്നാണ് വിദ്ഗധര്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താതെ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
നേരത്തേ കൊവിഡ് 19 മൂലം ‘പീഡിയാട്രിക് ഇന്‍ഫ്ളമേറ്ററി മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോം’ എന്ന രോഗം കുട്ടികളില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ രോഗം മൂലം അഞ്ച് കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിലും ഫ്രാന്‍സിലുമാണ് ഈ രോഗം കണ്ടെത്തിയിരുന്നത്.
കൊവിഡ് 19മായി ബന്ധപ്പെട്ടാണ് കുട്ടികളില്‍ ഈ രോഗം പിടിപെട്ടതെന്ന് മനസിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറെ സമയമെടുക്കേണ്ടി വന്നതായാണ് സൂചന.
നേരത്തേ മറ്റ് ചില രോഗങ്ങള്‍ കൂടി കൊവിഡ് 19 ബാധിച്ച കുട്ടികളില്‍ കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്ക് സിറ്റി, യു.കെ എന്നിവിടങ്ങളില്‍ തന്നെയായിരുന്നു ഇതും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
14 വയസ് വരെ പ്രായമുള്ള കുട്ടികളായിരുന്നു ഇത്തരത്തില്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിരുന്നത്. കൊറോണയുടെ മറ്റ് ലക്ഷണങ്ങളൊന്നുമില്ലായിരുന്നതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല.
കവാസാക്കി’രോഗം എന്നറിയപ്പെടുന്ന രോഗത്തിന്റേയും ‘ടോക്സിക് ഷോക്ക് സിന്‍ഡ്രോം’ എന്നറിയപ്പെടുന്ന രോഗത്തിന്റേയും ലക്ഷണങ്ങളുമായിട്ടായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയില്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ദേഹത്ത് ചുവന്ന പാടുകളും തടിപ്പും കാണപ്പെടുക, പനി, ത്വക്ക് അടര്‍ന്ന് പോരുക, രക്തസമ്മര്‍ദ്ദം അസാധാരണമായി താഴുക എന്നിവയെല്ലാമാണ് ഈ രണ്ട് രോഗങ്ങളുടെ ലക്ഷണങ്ങള്‍.
നേരത്തേ കൊറോണ വ്യാപകമായിരുന്ന ആദ്യഘട്ടത്തില്‍ കുട്ടികളെ ഇത് സാരമായി ബാധിക്കില്ലെന്ന തരത്തിലായിരുന്നു സൂചനകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ 14 വയസ് വരെയുള്ള കുട്ടികളില്‍ രോഗം ബാധിക്കുന്നുണ്ടെന്നും അത് കൊവിഡ് അനുബന്ധരോഗങ്ങളുടെ രൂപത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.