കൊവിഡ് കേസുകള്‍: മഹാരാഷ്ട്രയില്‍ വീണ്ടും റെക്കോഡ് വര്‍ധന. സർക്കാർ അങ്കലാപ്പിൽ.
മുംബൈ: അവസാന 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 23,816 പേര്‍ക്ക്. 325 പേരുടെ മരണം കൂടി കണക്കുകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. കങ്കണ റണാവത്തിനെതിരായ ശിവസേനയുടെ പ്രതിഷേധവും രാഷ്ട്രീയ വിവാദങ്ങളും കത്തിക്കയറുന്ന സംസ്ഥാനത്ത് വൈറസ്ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന ആരോപണം കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്നലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് നടത്തിയ ചര്‍ച്ചയ്ക്ക് ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രസക്തിയും ഏറിയിട്ടുണ്ട്.
കൊവിഡ് കേസുകളില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് അവസാന 24 മണിക്കൂറില്‍ സംസ്ഥാനത്തുണ്ടായത്. മൂന്നു ദിവസം മുന്‍പ് 23,350 കേസുകള്‍ കണ്ടെത്തിയതായിരുന്നു ഇതിനുമുന്പുള്ള റെക്കോഡ് വര്‍ധന. സംസ്ഥാനത്തെ മൊത്തം കേസുകള്‍ 9,67,349ല്‍ എത്തിയിട്ടുണ്ട്. മരണസംഖ്യ 27,787 ആയി ഉയര്‍ന്നു. 8.86 ലക്ഷത്തിലേറെ പേര് രോഗമുക്തരായ സംസ്ഥാനത്ത് 2.52 ലക്ഷത്തിലേറെ പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. പൂനെയില്‍ മാത്രം 65,361 പേര് ചികിത്സയിലുണ്ട്.
മുംബൈ നഗരത്തില്‍ 2,227 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ മൊത്തം രോഗബാധിതര്‍ 1.60 ലക്ഷം കടന്നു. 7,985 പേര് ഇതുവരെ മുംബൈയില്‍ മരിച്ചിട്ടുണ്ട്. ദേശീയ ശരാശരിയെക്കാള്‍ വളരെ കുറവാണ് മഹാരാഷ്ട്രയിലെ റിക്കവറി നിരക്ക്- 70.96 ശതമാനം. പരിശോധനകളില്‍ പോസിറ്റീവാകുന്നവരുടെ ഇപ്പോഴത്തെ നിരക്ക് 19.81 ശതമാനമാണ്.