റഫാല്‍ ജെറ്റുകള്‍ ഇനി വ്യോമസേനയുടെ ഭാഗം
അംബാല: ജൂലൈ അവസാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിച്ച അഞ്ചു റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കി മാറ്റുന്ന ഔദ്യോഗിക ചടങ്ങ് അംബാലയിലെ വ്യോമസേനാ താവളത്തില്‍ രാവിലെ പത്തരയോടെ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലെയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഈ ചടങ്ങിനായി ന്യൂഡല്‍ഹിയിലെത്തിയ പാര്ലെയുമായി രാവിലെ പാലം വ്യോമതാവളത്തില്‍ രാജ്നാഥ് സിങ് ചര്‍ച്ച നടത്തി. ഫ്രഞ്ച് പ്രതിരോധ മന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണറും നല്കി. ഇതിനു ശേഷമാണ് ഇരുവരും അംബാലയിലേക്കു തിരിച്ചത്. പരമ്പരാഗത സര്‍വ ധര്‍മ പൂജ, വ്യോമാഭ്യാസ പ്രകടനങ്ങള്‍ തുടങ്ങിയവ മെഗാ ചടങ്ങിന്റെ ഭാഗമായി നടന്നു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, എയര്‍ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബധൂരിയ, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 10.20ന് അംബാല വ്യോമതാവളത്തില്‍ എത്തിയ രാജ്നാഥിനെയും പാര്ലെയെയും ബിപിന്‍ റാവത്തും ബധൂരിയയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു.
59,000 കോടി രൂപയ്ക്ക് 36 റഫാലുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവച്ച് നാലു വര്‍ഷത്തോളം കഴിഞ്ഞ ശേഷമാണ് ജൂലൈ 29ന് ആദ്യ ബാച്ചായി അഞ്ചു വിമാനങ്ങള്‍ എത്തിയത്.