“ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങിയത് കവർച്ച നടത്തിയ സ്വർണം ഉപയോഗിച്ച്’; വെളിപ്പെടുത്തലുമായി തലശ്ശേരി മർജാൻ ജ്വല്ലറി ഉടമ
കണ്ണൂർ : എംസി ഖമറുദ്ദീൻ എം എൽ എ ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി തലശേരി മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ. തന്റെ ജ്വല്ലറിയിൽ നിന്നും കവർന്ന 25 കിലോസ്വർണ്ണം കൊണ്ടാണ് കമറുദ്ദീൻ ഫാഷൻ ഗോൾഡ്തുടങ്ങിയത്. പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങളെ കൊണ്ട് വന്നാണ് ഖമറുദീൻ മർജാൻ ഗോൾഡിൽ നിന്നും സ്വർണ്ണം കവർന്നത്. 2007 ഒക്ടോബർ 26 നായിരുന്നു സംഭവം.
ഇന്ന് വിപണിയിൽ 13 കോടിയോളം രൂപവില വരുന്ന സ്വർണ്ണമായിരുന്നു കമറുദ്ദീനും സംഘവും കവർന്നതെന്നും ഹനീഫ പറഞ്ഞു. മഞ്ചേശ്വരം എം എൽ എ യും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തലശേരിയിലെ മർജാൻ ഗോൾഡ് ഉടമയായിരുന്ന ഹനീഫ നടത്തിയിരിക്കുന്നത്.
2007ഒക്ടോബർ 26ന് വൈകീട്ടായിരുന്നു സംഭവം. ജ്വലറിയിലെ ജീവനക്കാരെ ബന്ദിയാക്കിയ ശേഷമായിരുന്നു സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വെച്ച രണ്ട് കംപ്യൂട്ടറുകളും സംഘം കവർന്നിരുന്നു. ഈ സ്വർണം ഉപയോഗിച്ചാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ പറഞ്ഞു.
ഹനീഫ ഉൾപ്പെടെയുള്ള പാർട്ട്ണർമാരുടെ പരാതിയെ തുടർന്ന് ഖമറുദ്ദീൻ ഉൾപ്പെടെ 20 പേർക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്ത് തീർപ്പാക്കുന്നതിന് വേണ്ടി ഖമറുദ്ദീൻ 1700000 രൂപയ്ക്ക് ഇവരുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് വണ്ടിച്ചെക്ക് നൽകിയും ഖമറുദ്ദീൻ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു. ജ്വല്ലറി കൊള്ളയെ തുടർന്ന് സാമ്പത്തിമായി തകർന്ന ഹനീഫ പിന്നീട് മർജാൻ ജ്വല്ലറിഅടച്ച് പൂട്ടി , സ്വർണ്ണകച്ചവടം തന്നെ അവസാനിപ്പിച്ചു. കൈരളി ന്യൂസിനോടായിരുന്നു ഹനീഫയുടെ വെളിപ്പെടുത്തൽ.