അനധികൃത നിര്‍മ്മാണം നിരവധി, കങ്കണയ്ക്കെതിരെ മാത്രം നടപടിയെന്തിന്; വിമര്‍ശനവുമായി ശരദ് പവാര്‍
മുംബൈ: ബോളിവുഡ് നടി കങ്കണ റണൌട്ടിന്റെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുംബൈ കോർപ്പറേഷന്റെ നടപടിക്കെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മുംബൈയില്‍ ഇത്തരത്തിലുള്ള അനധികൃതമായ നിരവധി കെട്ടിടങ്ങളുണ്ട്. അവയ്ക്കെതിരെ നടപടിയെടുക്കാതെ കങ്കണയ്ക്കെതിരെ നടപടിയെടുക്കുന്നത് തെറ്റായ പ്രതിച്ഛായയ്ക്ക് കാരണമാകുമെന്നാണ് ശരദ് പവാറിന്റെ പ്രതികരണം. സുശാന്ത് സിംഗിന്റെ മരണത്തിലെ അന്വേഷണത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ കങ്കണയ്ക്കെതിരെയുള്ള നടപടി പ്രതികാര സ്വഭാവമുളളതാണെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തിയതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര സര്‍ക്കാരില്‍ ശിവസേനയുടെ സഖ്യകക്ഷി നേതാവാണ് മുംബൈ കോര്‍പ്പറേഷന്റെ നടപടിയെ ചോദ്യം ചെയ്തിരിക്കുന്നത്.
അതേസമയം കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജിയിൽ മറുപടി നൽകാൻ മുംബൈ കോർപ്പറേഷനോട് ആവശ്യപ്പെട്ട കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. നേരത്തെ നോട്ടീസ് നല്കി 24 മണിക്കൂർ സാവകാശം നൽകിയിട്ടും മതിയായ രേഖകൾ സമർപ്പിക്കാത്തതിന് പിന്നാലെ മുംബൈ കോർപ്പറേഷൻ കെട്ടിയം പൊളിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു. പാലി ഹില്ലിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോർപ്പറേഷൻ ഓഫീസ് ഗേറ്റിൽ ഇന്നലെ നോട്ടീസ് പതിപ്പിച്ചത്.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സർക്കാരിനെയും മുംബൈ പൊലീസിനെയും കങ്കണ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. വിമർശനങ്ങൾ പരിധി വിട്ടപ്പോൾ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെയാണ് കങ്കണയ്ക്കെതിരെ ശിവസേന പ്രതിഷേധം കടുപ്പിച്ചത്. ഹിമാചലിലുള്ള നടി മാപ്പ് പറയാതെ മുംബൈയിലെത്തിയാല്‍ ആക്രമിക്കുമെന്ന് വരെ ശിവസേനാ നേതാക്കൾ പറഞ്ഞിരുന്നു.