എം സി കമറുദ്ദീൻ എംഎൽഎ 1.41 കോടിയുടെ നികുതിയും വെട്ടിച്ചു, സ്വത്ത് കണ്ടുകെട്ടും.
കാസർകോട് :ജ്വല്ലറി തട്ടിപ്പിൽ നിക്ഷേപകരെ വഞ്ചിച്ച മുസ്ലീം ലീഗ് നേതാവ് എം സി ഖമറുദീൻ എംഎൽഎ നികുതിയും വെട്ടിച്ചതായി സിപിഎം മുഖപത്രം. കാസർകോട്, ചെറുവത്തൂർ എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ സ്വർണം വിറ്റവകയിൽ ചരക്ക് സേവന നികുതിയായി 1.41 കോടി രൂപ അടക്കാനുണ്ട്.
കാസർകോട്ടെ ഖമർ ഫാഷൻ ജ്വല്ലറിയിൽ സ്വർണത്തിന്റെ സ്റ്റോക്കിൽ 49 കിലോയുടെ കുറവ് കണ്ടെത്തിയിരുന്നു. വിൽപന നടത്തിയ സ്വർണത്തിൽ ഇതില്ലായിരുന്നു. നികുതി അടച്ചിട്ടുമില്ല. 59.21 ലക്ഷമാണ് നികുതി നൽകേണ്ടത്. പിഴയും പലിശയും പ്രളയ സെസും അടക്കം 84,82,744 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അടച്ചില്ല. ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ സ്വർണം വിറ്റവകയിൽ 57,03,087 രൂപയും അടക്കാനുണ്ട്. നികുതി 43.8 ലക്ഷവും പ്രളയ സെസ് 6.4 ലക്ഷവും പലിശയായി 2.8 ലക്ഷവും അടക്കണം. 35.46 കിലോഗ്രാം സ്വർണം വിറ്റതാണ് കണക്കിൽ കാണിക്കാത്തത്. ഇരു ജ്വല്ലറികൾക്കും ചുമത്തിയ തുക അടക്കേണ്ട കാലാവധിയും കഴിഞ്ഞു. ഇനി ഇതിന്റെ ഇരട്ടി തുക ഈടാക്കും. എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും.
2019 ജൂലായ് മുതൽ എംഎൽഎ ചെയർമാനായ ഇരുജ്വല്ലറികളും കണക്കുകൾ ഹാജരാക്കാനോ നികുതി അടക്കാനോ തയ്യാറായിട്ടില്ല. പലതവണ നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാത്തതിനാലാണ് കഴിഞ്ഞ ഡിസംബറിൽ ജിഎസ്ടി ഉദ്യോഗസ്ഥർ ജ്വല്ലറികളിൽ പരിശോധന നടത്തി നികുതി വെട്ടിപ്പ് കണ്ടെത്തിയത്.