കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്ത്തകന് സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്; പൊലീസുകാരടക്കം നിരവധി പേര് ക്വാറന്റീനില്‍
കണ്ണൂര്‍: ഇന്നലെ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്ത്തകന് സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. മരണശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.
വെട്ടേറ്റ ശേഷം സലാഹുദ്ദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍, പൊലീസുകാര്‍, ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വെച്ചായിരുന്നു സലാഹുദ്ദീന് വെട്ടേറ്റത്. സഹോദരിമാരോടൊപ്പം കാറില്‍ പോകവേ ഒരു ബൈക്ക് വന്നു കാറില്‍ തട്ടി. രണ്ടാളുകള്‍ നിലത്തു വീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുതന്നെ സലാഹുദ്ദീന് മരിച്ചു. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
2018 ജനുവരിയില്‍ എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവായ സലാഹുദ്ദീന് ശ്യാമപ്രസാദ് കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.
കൂടാതെ കൂത്തുപറമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടര്ന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിര്‍ണായകമാണെന്നും പൊലീസ് പറയുന്നു.
സലാഹുദ്ദീന്റെ കാറില്‍ ബൈക്ക് ഇടിച്ചാണ് കുറ്റവാളികള്‍ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികള്‍ വന്നുവെങ്കിലും പ്രശ്നം ഞങ്ങള്‍തന്നെ പറഞ്ഞുതീര്‍ത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികള്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.