അലോപ്പതിയുടെ മാത്രം മന്ത്രിയല്ല ഞാന്‍, നടക്കുന്നത് തെറ്റിദ്ധാരണാജനകമായ ചര്‍ച്ച’: കെ കെ ശൈലജ
തിരുവനന്തപുരം : അലോപ്പതിയുടെ മാത്രമല്ല താന്‍ എല്ലാ ആരോഗ്യ വിഭാഗങ്ങളുടെയും കൂടി മന്ത്രിയാണെന്ന് കെ കെ ശൈലജ. കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് നല്ലതാണെന്ന പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. തന്റെ പ്രസ്താവനയെ കുറിച്ച് തെറ്റിദ്ധാരണജനകമായ ചര്‍ച്ചകളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെതിരെ രോഗ പ്രതിരോധ ശേഷി ഉണ്ടാക്കുന്നതിന് ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങള്‍ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്. അവര്‍ ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അവര്‍ പഠനം നടത്തി പറഞ്ഞത് പ്രതിരോധ മരുന്ന് വിതരണം ചെയ്ത സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കുറവുണ്ടെന്നാണ്. പഠനം ആര്‍ക്കും നടത്താം. അത് ശരിയോ തെറ്റോ എന്ന് പറയാന്‍ താന്‍ ആളല്ലെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പോസിറ്റിവായവര്‍ക്ക് ആയുര്‍വേദ, ഹോമിയോ മരുന്ന് നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്ന് മന്ത്രി പറഞ്ഞതിനെതിരെയാണ് ഐഎംഎ ഉള്‍പ്പെടെ രംഗത്തെത്തിയത്. മരുന്ന് കഴിച്ചിട്ടും കോവിഡ് വന്നവര്‍ക്ക് രോഗം വേഗത്തില്‍ ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡി.എം.ഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണെന്നാണ് അലോപ്പതി ഡോക്ടര്‍മാര്‍ വിമര്‍ശിച്ചത്. ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പ്രതികരിച്ചു. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.