ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പീഡിപ്പിക്കാനാവൂ വിവാദമായി ചെന്നിത്തലയുടെ പരാമര്‍ശം
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട സംഘടനയിലെ അംഗവും സജീവപ്രവര്ത്തകനാണല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രദീപ് കുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് വെറുതെ കളളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയല്ല അറിഞ്ഞതെന്നും എന്‍ജിഒ യൂണിയനില്‍ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പരമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജെ.എച്ച്.ഐ. പ്രദീപ് കുമാര്‍ സെപ്റ്റംബര്‍ മൂന്നാം തിയതിയാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്. കുളത്തൂപ്പുഴ സ്വദേശിനി മലപ്പുറത്ത് ഹോം നഴ്സായി ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഇവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായി. ഫലം നെഗറ്റീവായിരുന്നു.
തിരികെ മലപ്പുറത്ത് പോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി ഫോണില്‍ വിളിച്ചപ്പോള്‍ പാലോട് എത്താന്‍ പ്രദീപ് ആവശ്യപ്പെട്ടു. പാലോട് എത്തി വിളിച്ചപ്പോഴാണ് ഭരതന്നൂരിലെ തന്റെ വീട്ടിലെത്താന്‍ നിര്‍ദേശിച്ചത്. ഭരതന്നൂരിലെ വാടകവീട്ടിലെത്തിയ യുവതിയെ രണ്ടു ദിവസം തുടര്‍ച്ചയായി കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.
വീട്ടില്‍നിന്നു രക്ഷപ്പെട്ടോടിയ യുവതി വെള്ളറടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ അഭയംതേടി. അവശനിലയിലായതിനെക്കുറിച്ച് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ കാര്യം പറയുകയായിരുന്നു. ഞായറാഴ്ച വെള്ളറട പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് സംഭവം നടന്ന സ്ഥലം ഉള്‍പ്പെടുന്ന പാങ്ങോട് പോലീസ് കേസ് ഏറ്റെടുത്തു. തിങ്കളാഴ്ച സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എന്‍. സുനീഷിന്റെ നേതൃത്വത്തില്‍ പ്രദീപിനെ കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രദീപിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.